Join News @ Iritty Whats App Group

മോചിപ്പിക്കുന്ന 154 പലസ്തീൻ തടവുകാരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഇസ്രയേൽ; മനുഷ്യത്വവിരുദ്ധമെന്ന് വിമർശനം

ഇസ്രയേൽ മോചിപ്പിച്ച പലസ്തീൻ തടവുകാരിൽ 154 പേരെ മൂന്നാം രാജ്യത്തേക്ക് നാടുകടത്തുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. ഈജിപ്തടക്കമുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തും എന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും മോചനകരാറിലുള്ള ഇരട്ട നിലപാടാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.

പലസ്തീൻ തടവുകാരെ കാത്തിരുന്ന കുടുംബാംഗങ്ങൾ കടുത്ത നിരാശയിലാണ്. ഈ സ്വാതന്ത്ര്യം കയ്‌പ്പേറിയതാണെന്നാണ് പലസ്തീൻ തടവുകാരുടെ കുടുംബത്തിന്റെ പ്രതികരണം. മോചിപ്പിച്ച പലസ്തീനികളെ ഏത് രാജ്യത്തേക്കാണ് നാടുകടത്തിയതെന്ന് വ്യക്തമല്ലെന്ന് അൽ ജസീറ പറഞ്ഞു.

‘ഇവർ പലസ്തീനിലെ പൗരന്മാരാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യത്തേക്ക് നാടുകടത്തുന്നത് നിയമവിരുദ്ധമാണ്. മറ്റ് രാജ്യത്തെ പൗരത്വം അവർക്കില്ല. അവരെ ചെറിയ ജയിലിൽ നിന്ന് മോചിപ്പിച്ചപ്പോൾ വലിയ ജയിലിലേക്ക് അയക്കുന്നു. പുതിയ രാജ്യത്ത് അവർ വലിയ നിയന്ത്രണങ്ങൾ നേരിടും. ഇത് മനുഷ്യത്വവിരുദ്ധമാണ്’, ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ താമർ ഖർമൊത് പറഞ്ഞു.

നേരത്തെയും പലസ്തീൻ തടവുകാരെ ഇസ്രയേൽ മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയിരുന്നു. ജനുവരിയിൽ വിട്ടയച്ച ചില തടവുകാരെ ടുണീഷ്യ, അൽജീരിയ, തുർക്കി എന്നീ രാജ്യങ്ങളിലേക്കായിരുന്നു നാടുകടത്തിയത്. ഗാസ വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് പിടിച്ചുവെച്ച 20 ഇസ്രയേൽ ബന്ദികളെയും കഴിഞ്ഞ ദിവസം മോചിപ്പിച്ചു.

അതേസമയം ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളാണ് കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലും ഹമാസും കരാറിൽ ഒപ്പുവെച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group