മാഹി: മാഹി സെന്‍റ് തെരേസാ ബസിലിക്ക തിരുനാള്‍ മഹോത്സവത്തോടനുബന്ധിച്ച് ക്രമസമാധാനപാലനത്തിനും ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയാതായി മാഹി പോലീസ് സൂപ്രണ്ട് ഡോ.വിനയകുമാർ ഗാഡ്ഗെ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തിരുനാളിന്‍റെ പ്രധാന ദിനങ്ങളായ 14, 15 തീയതികളില്‍ തലശേരി ഭാഗത്ത് നിന്ന് വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങള്‍ മുണ്ടോക്ക് റോഡ് വഴി റെയില്‍വേ സ്റ്റേഷൻ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നുപോകണം. വടകര ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്ന് ബൈപ്പാസ് റോഡ് വഴി തിരിച്ചുവിടും. ചെറിയ വാഹനങ്ങള്‍ ഗവ. ഹോസ്‌പിറ്റല്‍ ജംഗ്ഷനില്‍ നിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷൻ മുൻവശത്തുകൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോകണം. മെയിൻ റോഡില്‍ സെമിത്തേരി റോഡ് ജംഗ്ഷൻ മുതല്‍ ഗവ. ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങള്‍ക്ക് പാർക്കിംഗ് അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ മാഹി കോളജ് ഗ്രൗണ്ട്, മഞ്ചക്കല്‍ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്‍റെ തെക്കുവശം ഗവ. ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവച്ച സ്ഥലം എന്നിവ ഉപയോഗിക്കാം.
പോക്കറ്റടി, മോഷണം, ചൂതാട്ടം തുടങ്ങിയവ തടയുന്നതിനും സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനുമായി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ നിന്ന് തിരുനാള്‍ ഡ്യൂട്ടിക്കായി കൂടുതൻ സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പള്ളിയുടെ അകത്ത് മൊബൈല്‍ ഫോണ്‍, കടലാസു പൊതികള്‍, ബാഗ് മറ്റ് സാമഗ്രികള്‍ ഒന്നും തന്നെ അനുവദിക്കുന്നതല്ല. 14 ന് മാഹി ടൗണില്‍ മദ്യശാലകള്‍ പ്രവർത്തിക്കുന്നതല്ല.
അനധികൃത മദ്യവില്പന തടയുന്നതിനു ഒപ്പം കുറ്റക്കാർക്കെതിരേ കർശന നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യേക സുരക്ഷാ നടപടികള്‍ക്കായി കേരള പോലീസിന്‍റെ ബോംബ് സ്ക്വാഡിന്‍റെ സഹായവും ഉണ്ടാകുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു. സർക്കിള്‍ ഇൻസ്പെക്ടർ പി.എ. അനില്‍കുമാർ, മാഹി എസ്‌ഐ സി.വി. റെനില്‍കുമാർ, ട്രാഫിക് എസ്‌ഐ ആർ. ജയശങ്കർ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Post a Comment