Join News @ Iritty Whats App Group

കുളത്തിൽ നിന്നും കിട്ടിയ ബാഗിൽ 100 ഓളം വോട്ടർ ഐഡി കാർഡുകൾ, തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സംശയം, മധ്യപ്രദേശിൽ വിവാദം

മധ്യപ്രദേശ് : മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ കുളത്തിൽ നിന്ന് നൂറുകണക്കിന് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഛത്തർപൂർ ജില്ലയിലെ ബിജവർ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ഒരു ബാഗിനുള്ളിൽ നിറയെ വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയത്. വാർഡ് നമ്പർ 15-ൽ നിന്നുള്ള 400 മുതൽ 500 വരെയുള്ള ആളുകളുടെ യഥാർത്ഥ വോട്ടർ ഐഡി കാർഡുകളാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിതരണം ചെയ്യാത്ത കാർഡുകളാണ് ഇതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇത്രയേറെ വോട്ടേഴ്സ് ഐഡി കാർഡുകൾ എങ്ങനെ കുളത്തിൽ എത്തിയെന്നതിൽ ദുരൂഹയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വലിയ രീതിയിലുള്ള തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും ഭരണകക്ഷികൾക്കെതിരെയും രൂക്ഷ വിമ‍ർശനമാണ് ഉയരുന്നത്.

രാഹുൽ ഗാന്ധിയുടെ വോട്ട് ചോർ ഗദ്ദി ഛോഡ് എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതാണിതെന്ന് സംസ്ഥാന കോൺഗ്രസ് നേതാവ് ദീപ്തി പാണ്ഡെ പ്രതികരിച്ചു. യഥാർത്ഥ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ കുളത്തിൽ എത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ഗഗൻ യാദവ് പറഞ്ഞു. വ്യാജ വോട്ടുകൾ ചെയ്ത ശേഷം തെളിവ് നശിപ്പിക്കാൻ തിരിച്ചറിയൽ കാർഡുകൾ കുളത്തിൽ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി സമാജാവാദി പാർട്ടി സംസ്ഥാന അധ്യക്ഷൻ മനോജ് യാദവ് ആരോപിച്ചു. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

أحدث أقدم
Join Our Whats App Group