Join News @ Iritty Whats App Group

'ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി'; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങൾ വെള്ളാപ്പള്ളി പകർത്തി. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനം എസ്എൻഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചു. അത് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ജാതി ചിന്തയും അതിന്റെ ഭാഗമായുള്ള വേർതിരിവുകളും നിലനിൽക്കുന്നു. സമൂഹത്തിൽ വർഗീയത പടർത്തി മനുഷ്യനെ ഭിന്നിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം പലയിടത്തും നടക്കുന്നു. ഇത്തരം പിന്തിരിപ്പൻ ശ്രമങ്ങൾ ഗൗരവമായി കാണണം. നാം തൂത്തെറിഞ്ഞ വർഗീയത അത് ഏതു രൂപത്തിലുള്ളതായാലും സമൂഹത്തിന് വിനാശകരമാണ്. വർഗീയതയുടെ വിഷവിത്തുക്കൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടു പിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നമുക്ക് കഴിയണം. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണഗുരുവിനെപ്പോലെയുള്ളവരെ സ്വന്തമാക്കാൻ ചില വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗീയതയുടെ വിഷം വിതയ്ക്കാൻ ഗുരുവിന്റെ തന്നെ ദർശനങ്ങളെ ഉപയോഗിക്കുന്നുണ്ടെന്നും വർഗീയത എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തികളും ഒരു മതത്തിലോ ഒരു ജാതിയിലോ മാത്രമായി ഒതുങ്ങുന്നതല്ല. എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ് അത്. ചിലർ ഉന്നയിക്കുന്ന സനാതന ധർമം ഗുരുദേവൻ വെളിച്ചം വീശിയ ആശയങ്ങൾക്ക് ഘടക വിരുദ്ധമായ കാര്യമാണ്. എല്ലാവരെയും ഒരുമിപ്പിക്കാനുള്ള മാർ​ഗമായിട്ടാണ് ഗുരു സനാതന ധർമ്മത്തെ കണ്ടത്. മഹത്തായ പ്രസ്ഥാനമാണ് എസ്എൻഡിപി. എസ്എൻഡിപി യോഗത്തിന് മൂന്ന് പതിറ്റാണ്ടിലേറെയായുള്ള നേതൃത്വമാണ് വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തെ ഇന്നിവിടെ ആദരിക്കുന്നത് ഔചിത്യപൂർണ്ണമായ ഒരു നടപടിയാണെന്നും പിണറായി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group