ദില്ലി: ഗുരുഗ്രാമില്‍ കാണാതായ 47കാരൻ്റേതെന്ന് കരുതി ബന്ധുക്കള്‍ സംസ്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. സംസ്കാര ചടങ്ങ് കഴിഞ്ഞ് ബന്ധുക്കള്‍ വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ മരിച്ചെന്ന് കരുതിയ ആളും വീട്ടിലെത്തിയതോടെയാണ് നാടകീയ സംഭവങ്ങള്‍.
മുഹമ്മദ്പൂർ ജാർസ ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് ആണ്‍മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന ലേബർ കോണ്‍ട്രാക്ടറായ പൂജൻ പ്രസാദിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഭവങ്ങള്‍. മൃതദേഹത്തിന്റെ ഡിഎൻഎ സാമ്ബിളുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും മരിച്ചയാളെ ഇതുപയോഗിച്ച് തിരിച്ചറിയാൻ ശ്രമിക്കുമെന്നും ഗുരുഗ്രാം സെക്ടർ 37 പൊലീസ് അറിയിച്ചു.
ഓഗസ്റ്റ് 28 ന് ഉപേക്ഷിക്കപ്പെട്ട ഒരു വെയർഹൗസിന് സമീപം തല മുറിച്ചുമാറ്റിയ നിലയിലുള്ള മൃതദേഹം സെക്ടർ 37 പോലീസ് കണ്ടെത്തിയിരുന്നു. ഇതാരുടേതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് പൂജൻ പ്രസാദിനെ കാണാനില്ലെന്ന് കാട്ടി മകൻ സന്ദീപ് കുമാർ സെപ്റ്റംബർ 1 ന് പൊലീസില്‍ പരാതി നല്‍കിയത്. തങ്ങള്‍ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ച് പോലീസ് സന്ദീപിനോട് പറഞ്ഞിരുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിലെത്തിയ സന്ദീപും ബന്ധുക്കളും മൃതദേഹത്തില്‍ വലതുകാലിലെ മുറിവ് കണ്ട് ഇത് പൂജൻ പ്രസാദിൻ്റേതാണെന്ന് പറഞ്ഞു. പിന്നാലെ കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കി.
പൂജൻ പ്രസാദിൻ്റേതിന് സമാനമായ വസ്ത്രങ്ങളാണ് കൊല്ലപ്പെട്ടയാളും ധരിച്ചിരുന്നത്. ഇതും ബന്ധുക്കള്‍ തെറ്റിദ്ധരിക്കാൻ കാരണമായി. പൂജൻ മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്. ഇതിന് ശേഷം സന്ദീപും സഹോദരങ്ങളും ചിതാഭസ്മം യമുന നദിയില്‍ നിമജ്ജലം ചെയ്യാനായി പോകുമ്ബോഴാണ് ഇവരുടെ അമ്മാവനായ രാഹുല്‍ പ്രസാദിന് നിർണായകമായ ഫോണ്‍ സന്ദേശം ലഭിച്ചത്. ഗുരുഗ്രാമിലെ ഖണ്ട്സ ചൗക്കില്‍ പൂജനെ കണ്ടെന്നായിരുന്നു വിവരം. ഇദ്ദേഹത്തെ കണ്ടെത്തിയ ആളുകള്‍ ഓട്ടോറിക്ഷയില്‍ ഇദ്ദേഹത്തെ വീട്ടിലാക്കുകയും ചെയ്തു. വീട്ടില്‍ തിരിച്ചെത്തിയ സന്ദീപും സഹോദരനും അച്ഛനെ കണ്ട് അമ്ബരന്നു.
ഇതോടെ പുലിവാല് പിടിച്ചത് പൊലീസാണ്. മരിച്ചതാരെന്ന കുഴപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം തേടേണ്ട ചുമതലയ്ക്ക് പുറമെ, മൃതദേഹം തെറ്റായി ദഹിപ്പിച്ചുവെന്നതും വെല്ലുവിളിയാണ്. ഡിഎൻഎ പരിശോധനയിലൂടെ മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കുമെന്നും കേസില്‍ ഉടൻ വ്യക്തത വരുമെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. ബന്ധുക്കള്‍ തിരിച്ചറിഞ്ഞതാണ് മൃതദേഹം വിട്ടുകൊടുക്കാൻ കാരണമെന്നും ഇത്തരത്തില്‍ ബന്ധുക്കള്‍ തിരിച്ചറിയുന്ന മൃതദേഹങ്ങള്‍ തടഞ്ഞുവെക്കാൻ സാധിക്കില്ലെന്നുമാണ് പൊലീസിൻ്റെ വാദം.
إرسال تعليق