ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം. അക്രമികളും പോലീസുകാരും ചേർന്ന് അതിക്രൂരമായി മർദിച്ചതായാണ് പരാതി. മോഷണക്കുറ്റമാരോപിച്ചായിരുന്നു മർദനം. ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിൻ്റെ പേരിൽ തല്ലിച്ചതച്ചതായും മുഖത്ത് ചവിട്ടിയെന്നും വിദ്യർഥികൾ പറയുന്നു.
സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ഐ.ടി. അശ്വന്ത്, കാസർകോട് സ്വദേശി കെ. സുധിൻ എന്നിവർക്കാണ് മർദനമേറ്റത്. ഹിന്ദി സംസാരിക്കാൻ നല്ല വശമില്ലാത്തതിനാൽ ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ഫൈബർ ലാത്തി ഉപയോഗിച്ച് മർദിച്ചതായും വിദ്യാർഥികൾ പറയുന്നു.
വിദ്യാർഥികൾ ബുധനാഴ്‌ച രാത്രി ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ പോയപ്പോഴാണ് സംഭവം. രാത്രി ഏഴുമണിയോടെ മൊബൈൽ ഫോണും വാച്ചും വിൽക്കാനെന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തി. വേണ്ടെന്നുപറഞ്ഞ് വിദ്യാർഥികൾ മടക്കിയയച്ചു. അല്പസമയം കഴിഞ്ഞ് ആറംഗസംഘവുമായി മടങ്ങിയെത്തിയ ഇയാൾ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടപ്പോൾ ഇദ്ദേഹവും അക്രമിസംഘത്തിനൊപ്പം ചേർന്ന് ക്രൂരമായി തല്ലിച്ചതച്ചെന്ന് വിദ്യാർഥികൾ പറയുന്നു. ഒരു വിദ്യാർഥിയുടെ ഫോണും തട്ടിയെടുത്തു.
പിന്നീട് കോളേജിലെ മുതിർന്ന വിദ്യാർഥികളെത്തി പോലീസുമായി സംസാരിച്ചാണ് മോചിപ്പിച്ചത്. സാരമായി പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഡൽഹി പോലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. ഉത്തരവാദികളായ പോലീസുകാർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി ഡൽഹി പോലീസ് കമ്മിഷണർക്ക് കത്തയച്ചു. ഹിന്ദി കാര്യമായി വശമില്ലാത്ത വിദ്യാർഥികൾ ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മർദിക്കുകയും കേരളരീതിയിൽ മുണ്ടുടുത്തതിന്റെ പേരിൽ വിദ്യാർഥിയെ ആക്ഷേപിക്കുകയും ചെയ്‌തത് ആശങ്കാജനകമാണെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ചുണ്ടിക്കാട്ടി. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് വി ശിവദാസൻ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
إرسال تعليق