Join News @ Iritty Whats App Group

ഓണത്തിരക്ക്;ഇരിട്ടി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് ഇരിട്ടി പോലീസ്

ഇരിട്ടി: ഓണാഘോഷങ്ങളോടനുബന്ധിച്ച് ഇരിട്ടി നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും മറ്റ് പ്രശ്നങ്ങളും ഒഴിവാക്കാനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ച് ഇരിട്ടി പോലീസ്. ടൗണിലെ ഗതാഗത നിയന്ത്രണത്തിനായി 25 പോലീസുകാരും 4 മൊബൈൽ പട്രോളിങ് ടീമുകളുമാണ് ബുധനാഴ്ച മുതൽ നഗരത്തിൽ ഉണ്ടാവുക. കഴിഞ്ഞ 4 ദിവസങ്ങളിൽ 15 പോലീസുകാരെയും 3 മൊബൈൽ പട്രോളിങ് ടീമുകളെയും നഗരത്തിൽ നിയോഗിച്ചിരുന്നതായി ഇരിട്ടി എസ്‌ എച്ച്‌ ഒ എ. കുട്ടികൃഷ്‌ണൻ അറിയിച്ചു. അനധികൃതമായും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടം ഉണ്ടാക്കുന്ന വിധവും പാർക്ക് ചെയ്‌ത 30 വാഹനങ്ങൾക്കെതിരെ ചൊവ്വാഴ്ച പിഴ ചുമത്തി. 600 ഓളം വാഹനങ്ങൾ ചൊവ്വാഴ്ച മാത്രം ട്രാഫിക് നിയമം ലംഘിച്ചതായി കണ്ടെത്തിയെങ്കിലും ഓണം ആണെന്ന പരിഗണന നൽകി താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. 


വിദ്യാലയങ്ങളും മറ്റും അടച്ചതും വിദേശത്തടക്കം പുറം ദേശങ്ങളിൽ നിന്നും കുടുംബങ്ങൾ നാട്ടിലെത്തിയതും ഓണം അരികിലെത്തിയതും മൂലം നഗരത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വകാര്യ വാഹന പാർക്കിങ്ങിന് ആവശ്യമായ സ്‌ഥലങ്ങൾ ഇല്ലെന്നതിൻ്റെ ന്യൂനതയ്ക്കു പുറമേ ഉള്ള സ്‌ഥലങ്ങൾ കൂടി ഉപയോഗിക്കാതെ നഗരത്തിൽ പൊതുനിരത്തിൽ തന്നെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഇടുന്നതാണ് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. നോ പാർക്കിങ് സ്‌ഥലങ്ങൾ, നടപ്പാത, ബസ് വേ എന്നിവിടങ്ങളിൽ ഉൾപ്പെടെ അനധികൃതമായി സ്വകാര്യ വാഹനങ്ങൾ നിർത്തിയിടുകയാണ്. ബസ് സ്റ്റാൻഡ് വൺവേ റോഡിൽ ഇരുവശത്തും വാഹന പാർക്കിങ്ങിന് അനുമതിയില്ല. ഇവിടെ റോഡിന് വീതി ഉള്ളതിനാൽ ഒരു വശത്ത് പാർക്ക് ചെയ്യുന്നത് പോലീസ് തടസ്സപ്പെടുത്താറില്ല. 
എന്നാലിപ്പോൾ ഇരുവശത്തും വാഹനങ്ങൾ നിർത്തിയിടുന്നത് മേഖലയിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. പഴയ പാലം പ്രദേശത്തേക്കും പേ പാർക്കിങ് കേന്ദ്രങ്ങളിലേക്കും അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന എല്ലാ വിധ വാഹനങ്ങളും വൺവേ റോഡ് വഴി ആയതിനാൽ ഇരുവശത്തും അനധികൃത പാർക്കിങ് കൂടി ആകുന്നതോടെ ബസുകൾ കുരുക്കിൽ പെടുകയാണ്. ഇരിട്ടി പാലം മുതൽ കീഴൂർ വരെ കൂടുതൽ ഗതാഗത തിരക്കനുഭവപ്പെടുന്ന മേഖല എന്നു കണക്കിലെടുത്താണ് കൂടുതൽ പോലീസുകാരെ ട്രാഫിക് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മേലേ സ്‌റ്റാൻഡ്, പഴയ സ്‌റ്റാൻഡ്, ബസ് സ്‌റ്റാൻഡ് വൺവേ റോഡ്, സിറ്റി സെൻ്റർ, പഴയ പോസ്‌റ്റ് ഓഫിസ് പരിസരം, പയഞ്ചേരിമുക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഗതാഗത തടസ്സം സൃഷ്‌ടിച്ചു പാർക്ക് ചെയ്‌ത വാഹനങ്ങൾക്കെതിരെ നടപടി സ്വീകിച്ചത്. 
പരിശോധനകൾക്ക് എസ്ഐമാരായ ടി.ജി. അശോകൻ, റെജി സ്‌കറിയ, സിവിൽ പോലീസ് ഓഫിസർമാരായ അബ്ദുൽ നവാസ്, കെ.പി.സി. പ്രിയേഷ് എന്നിവർ നേതൃത്വം നൽകി. ഇരിട്ടി പഴയ പാലം റോഡിലും പഴയ ബസ് സ്‌റ്റാൻഡിലെ നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിലും നേരംപോക്ക് റോഡിലും ഉൾപ്പെടെ പേ പാർക്കിങ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും 'ഫീസ്' നൽകാൻ മടിക്കുന്നതിനാൽ മിക്കവർക്കും ഇതുപയോഗിക്കാൻ താൽപര്യം ഇല്ല. വാഹന ഉടമകളുടെ ഈ നിലപാടാണ് നഗരത്തെ കൂടുതൽ ട്രാഫിക് കുരുക്കിലാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group