Join News @ Iritty Whats App Group

‘സംഘടനകൾക്ക് ഇഷ്ട‌മുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ട്, കോൺഗ്രസിന്റേത് ഉറച്ച മതേതര നിലപാട്’; വി ഡി സതീശൻ


ശബരിമല വിഷയത്തിൽ സംഘടനകൾക്ക് ഇഷ്ട‌മുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിന്റേത് ഉറച്ച മതേതര നിലപാട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ തീരുമാനങ്ങളിൽ ഒരു ശക്തിക്കും സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ സാധിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

എൻഎസ്എസിന് ഇഷ്ട‌മുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ സ്വാതന്ത്ര്യമുണ്ട്, അതിൽ കോൺഗ്രസിന് ആശങ്കയില്ല. എൻഎസ്എസ് എന്ത് തീരുമാനമെടുക്കണമെന്ന് ഞങ്ങളല്ല പറയുന്നത്, അത് അവരുടെ ഇഷ്ടമാണ്. ശബരിമല വിഷയത്തിൽ കോൺഗ്രസ് അന്നും ഇന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

മുൻപ് എസ്എൻഡിപി നവോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിലപാട് എടുത്തിരുന്നു. ഇപ്പോൾ അവർ അത് മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം സിപിഎം നിലപാടുകളിലെ വൈരുദ്ധ്യത്തെയും സതീശൻ രൂക്ഷമായി വിമർശിച്ചു. ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group