നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും എല്ല് പൊട്ടിയാൽ അത് ചികിത്സിച്ച് ഭേദമാകാൻ ദിവസങ്ങളോ ആഴ്ചകളോ എടുക്കാറുണ്ട്. ചിലപ്പോൾ മാസങ്ങളും എടുക്കാറുണ്ട്. ഈ സമയങ്ങളിൽ നമ്മുടെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമൊന്നും വരില്ല. കാരണം, എല്ലുകളിലെ പൊട്ടൽ ഒട്ടിച്ചുചേർക്കാൻ കഴിയുന്ന വിപ്ലവകരമായ ഒരു മെഡിക്കൽ ബോൺ ഗ്ലൂ അഥവാ പശ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ചൈനീസ് ഗവേഷകർ.
വെറും മൂന്ന് മിനിറ്റിനുള്ളിൽ പൊട്ടൽ ഒട്ടിച്ചുചേർക്കാൻ കഴിയുന്ന ഗ്ലൂ കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ഒരു ഗവേഷക സംഘമാണ് വികസിപ്പിച്ചെടുത്തത്. ഇത്തരത്തിലുള്ള ഒരു ബോൺ ഗ്ലൂ വികസിപ്പിക്കാൻ ഗവേഷകർ വളരെക്കാലമായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ‘ബോൺ 02’ എന്നാണ് ഈ ഗ്ലൂവിന് പേര് നൽകിയിരിക്കുന്നത്.
ഒരു പാലത്തിന്റെ വെള്ളത്തിനടിയിലുള്ള ഭാഗത്ത് മുത്തുച്ചിപ്പികൾ ശക്തമായി ഒട്ടിപ്പിടിച്ചിരിക്കുന്നത് നിരീക്ഷിച്ചതിൽ നിന്നാണ് ഉൽപ്പന്നം വികസിപ്പിക്കാനുള്ള പ്രചോദനം ലഭിച്ചതെന്നാണ് ഗവേഷകരുടെ ഹെഡും സർ റൺ റൺ ഷാ ഹോസ്പിറ്റലിലെ അസോസിയേറ്റ് ചീഫ് ഓർത്തോപീഡിക് സർജനുമായ ലിൻ സിയാൻഫെങ് പറയുന്നത്. രക്തം വാർന്ന സാഹചര്യങ്ങളിൽ ആണെങ്കിൽ പോലും രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ കൃത്യമായി എല്ലുകളെ ഉറപ്പിക്കാൻ ഈ പശയ്ക്ക് കഴിയും.
എല്ലിന്റെ പൊട്ടൽ ഭേദമാകുന്നതിന് അനുസരിച്ച് ഈ പശ സ്വാഭാവികമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയാണ് ചെയ്യുക. ഈ ഇംപ്ലാന്റുകൾ നീക്കം ചെയ്യാൻ മറ്റൊരു ശസ്ത്രക്രിയയുടെ ആവശ്യവുമില്ല. മാത്രമല്ല, സുരക്ഷ, ഫലപ്രാപ്തി എന്നിവയുടെ കാര്യത്തിൽ ബോൺ-02 മികച്ച പ്രകടനം കാഴ്ചവെച്ചതായി പരിശോധനകളിലൂടെ സ്ഥിരീകരിച്ച് കഴിഞ്ഞു.
പരീക്ഷണഘട്ടത്തിൽ 180 സെക്കൻഡിൽ താഴെ അതായത് മൂന്ന് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയായി. പരമ്പരാഗത ചികിത്സാരീതികളിൽ സ്റ്റീൽ പ്ലേറ്റുകളും സ്‌ക്രൂകളും ഘടിപ്പിക്കുന്നത് വലിയ മുറിവ് അവശേഷിപ്പിക്കാറുണ്ട്. എന്നാൽ അതിന്റെയൊന്നും ആവശ്യം ഇല്ല എന്നാണ് ഗവേഷകർ പറയുന്നത്. ഇതുവരെ 150-ലധികം രോഗികളിൽ ബോൺ ഗ്ലൂ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. ഈ ഗ്ലൂ ഉപയോഗിച്ച് ഒട്ടിച്ച എല്ലുകൾ ശരീരത്തിൽ ശക്തമായി തന്നെയാണ് നിലനിന്നത്. അതിനാൽ പരമ്പരാഗത ലോഹ ഇംപ്ലാന്റുകൾക്ക് പകരമാകാൻ ഈ ഉബോൺ-02ന് കഴിയുമെന്നാണ് പറയുന്നത്.
إرسال تعليق