Join News @ Iritty Whats App Group

വര്‍ഷം ഒന്നു കഴിഞ്ഞു; കുവൈറ്റിലെ കടലാഴങ്ങളില്‍ കാണാതായ ആലക്കോട് കാവുംകൂടിയിലെ അമലിനെ കാത്ത് കുടുംബം

ലക്കോട്: കുവൈറ്റ് സമുദ്രാതിർത്തിയിലെ കടലാഴങ്ങളില്‍ കാണാതായ മകനായുള്ള കാത്തിരിപ്പുമായി ഒരു വർഷമായി അമലിന്‍റെ കുടുംബം.


വീട്ടില്‍ കാണാൻ എത്തുന്നവരോട് ഇനിയെന്ത് ചെയ്യണമെന്ന് നിറകണ്ണുകളോടെ ഹൃദയം തകർന്ന് ചോദിക്കുകയാണ് ആലക്കോട് കാവുംകൂടിയിലെ കോട്ടയില്‍ അമലിന്‍റെ മാതാപിതാക്കളായ സുരേഷും ഉഷയും.

സഹോദരൻ ജീവനോടെയുണ്ടാകണേയെന്ന പ്രാർഥനയിലാണ് സഹോദരി അല്‍ഷ. 2024 സെപ്റ്റംബർ ഒന്നിനാണ് കുവൈറ്റ് സമുദ്രാതിർത്തിയില്‍ "അറബക്തർ ഒന്ന്' എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ടതും കണ്ണൂർ ആലക്കോട് കാവുംകുടിയിലെ അമല്‍ സുരേഷിനെ (26) കാണാതാകുന്നതും. അപകടത്തില്‍പ്പെട്ട ആറുപേരില്‍ തൃശൂർ സ്വദേശിയുടെ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചിരുന്നു. കപ്പലിന്‍റെ ക്യാപ്റ്റൻ ഇറാൻ സ്വദേശിയെക്കുറിച്ചും അമലിനെക്കുറിച്ചുമാണ് വിവരങ്ങള്‍ ഒന്നും ലഭിക്കാത്തത്.

സെപ്റ്റംബർ ഒന്നിന് അപകടം ഉണ്ടായെങ്കിലും അമലിനെ കാണാതായ വിവരം അഞ്ചിനാണു കുവൈറ്റിലെ ഇന്ത്യൻ എംബസി അമലിന്‍റെ കുടുംബത്തെ അറിയിച്ചത്. മരിച്ചതായാണ് ആദ്യം അറിയിച്ചത്. കപ്പലില്‍ ഉണ്ടായിരുന്ന ആറുപേരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയതായും പറഞ്ഞു. തുടർന്ന് കുവൈറ്റ് എംബസിയുടെ നിർദേശപ്രകാരം അമലിന്‍റെ മാതാപിതാക്കളില്‍ നിന്നു ഡിഎൻഎ സാമ്ബിളുകള്‍ ശേഖരിച്ച്‌ എംബസിക്കു കൈമാറിയിരുന്നു.

നാലുപേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതില്‍ അമല്‍ ഉള്‍പ്പെട്ടില്ലെന്നുമാണ് കുവൈറ്റ് എംബസിയില്‍ നിന്ന് സെപ്റ്റംബർ 26-ന് കുടുംബത്തിനു വന്ന അവസാനത്തെ സന്ദേശം. പിന്നീട് ഒരു വിവരവും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ല. അപകടത്തില്‍പ്പെട്ട ആറുപേരില്‍ മലയാളിയായ തൃശൂർ കളരിക്കരയിലെ ഹരീഷ് ഹരിദാസിന്‍റെ മൃതദേഹം കിട്ടിയിരുന്നു. ഇനി കാണാനുള്ളത് അമലിനൊപ്പം കപ്പലിന്‍റെ ക്യാപ്റ്റനായ ഇറാൻ സ്വദേശിയുടെ മൃതദേഹമാണ്.

അമലിനെ കാണാതായി വർഷം ഒന്നു കഴിഞ്ഞെങ്കിലും സർക്കാരിന്‍റേതടക്കം ഒരു തലത്തിലുള്ള അന്വേഷണവും കാര്യക്ഷമമല്ലെന്ന അഭിപ്രായം കുടുംബത്തിനുണ്ട്. സംഭവം നടന്നതു മുതല്‍ പിതാവ് സുരേഷ് മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താൻ നോർക്കയെ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും പലതവണ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു.

പക്ഷെ അമലിന് എന്ത് സംഭവിച്ചു എന്നതിനുത്തരം ഇന്നും അകലെയാണ്. കെ. സുധാകരൻ എംപിയും സജീവ് ജോസഫ് എംഎല്‍എയും അമലിന്‍റെ വീട് സന്ദർശിച്ച്‌ എല്ലാ സഹായവും വാഗ്ദാനം നല്‍കിരുന്നു. എന്നാല്‍ കുവൈറ്റിലെ ഇന്ത്യൻ എംബസിയില്‍നിന്നോ കേന്ദ്ര സർക്കാരില്‍നിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിനു ലഭിച്ചിട്ടില്ല.

അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകാത്തതിനെത്തുടർന്ന് പിതാവ് സുരേഷ് സെയ്‌ലേഴ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്‍റ് രവി വിട്ടിലിനൊപ്പം മുംബൈയിലെ ഷിപ്പിംഗ് ഓഫീസിലെത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ഓഫീസ് ചെയർമാൻ ശ്യാം ജഗന്നാഥന് നിവേദനം നല്‍കി. അമലും ക്യാപ്റ്റനും സുരക്ഷാബോട്ടില്‍ രക്ഷപ്പെട്ടെങ്കില്‍ എത്താൻ സാധ്യതയുള്ള സൗദി, ഖത്തർ ജയിലുകളില്‍ പരിശോധന നടത്തണമെന്നായിരുന്നു കുടുംബത്തിന്‍റെ ആവശ്യം.

മുംബൈ ഗ്ലോബല്‍ മറൈൻ ഏജൻസി വഴിയാണ് അമല്‍ പോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാല്‍ മുംബൈയില്‍ തന്നെയുള്ള എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണിതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു.

വെസല്‍ ഈസ് മറിയം എന്ന കപ്പലില്‍ ജോലി ലഭിച്ചെന്നാണ് രേഖയിലുള്ളത്. ഈ സാഹചര്യത്തില്‍ അമല്‍ അറബക്തർ ഒന്നില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പറയുന്നു. ജനുവരിയില്‍ ജോലി ലഭിച്ച്‌ മുംബൈയിലേക്ക് പുറപ്പെട്ട അമല്‍ കൈയില്‍ കരുതിയ 4,32,000 രൂപയില്‍ നാല് ലക്ഷം ഏജൻസിക്ക് കൊടുത്തെന്നാണ് അറിയിച്ചത്.

ജോലിയില്‍ കയറിയശേഷം കപ്പല്‍ക്കമ്ബനി ഒരുരൂപ പോലും ശമ്ബളം നല്‍കിയില്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്ന് സുരേഷ് ഡിജിഎസ് ചെയർമാനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. ഓണാവധിക്ക് ശേഷം ഹൈക്കോടതിയില്‍ ഹർജി ഫയല്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് പിതാവ് സുരേഷ്. അമലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് വൈകിയാല്‍ കുടുംബത്തിന് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിന് തടസം നേരിടും.

Post a Comment

أحدث أقدم
Join Our Whats App Group