Join News @ Iritty Whats App Group

മട്ടന്നൂർ മൈഗോൾഡ് ജൂവലറി തട്ടിപ്പ് കേസ്: ഒരാൾ അറസ്റ്റിൽ

മട്ടന്നൂർ: മട്ടന്നൂരിലെ മൈഗോൾഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസിൽ ഒരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ഹാഷിറി(22)നെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പഴയ സ്വർണം നിക്ഷേപിച്ചാൽ പണം ഈടാക്കാതെ അതേ തൂക്കത്തിന് പുതിയ സ്വർണം നൽകാമെന്നും നിശ്ചിത തുക വിവിധ കാലയളവിൽ നിക്ഷേപിച്ചാൽ മൂൻകൂറായി സ്വർണം നൽകുമെന്നും മറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മൈഗോൾഡ് ജൂവലറി ഉടമകളായ മുഴക്കുന്ന് സ്വദേശി തഫ്‌സീർ ഉൾപ്പടെ ആറു പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. തഫ്‌സീറിന്റെ സഹോദരനാണ് അറസ്റ്റിലായ ഹാഷിർ. പ്രധാന പ്രതികളെല്ലാം വിദേശത്തേക്ക് കടന്നതായാണ് വിവരം. സെപ്റ്റംബർ ആദ്യവാരം മുതൽ ജൂവലറി അടച്ചിട്ടതോടെയാണ് പണവും സ്വർണവും നഷ്ടപ്പെട്ടെന്ന് കാണിച്ച് പരാതിക്കാർ എത്താൻ തുടങ്ങിയത്.

ഇതുവരെ 12 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ തന്നെ ഒരു കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. 50ഓളം പരാതികളാണ് ആകെ ലഭിച്ചത്. 20 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് നടന്നതായാണ് പോലീസ് കണക്കാക്കുന്നത്.

പ്രധാന പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഹാഷിറിന്റെ പേരിൽ കേസെടുത്തത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കാനും പ്രതികളെ നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

أحدث أقدم
Join Our Whats App Group