Join News @ Iritty Whats App Group

1800-425-6789 എന്ന ടോൾഫ്രീ നമ്പർ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന എന്തും പറയാൻ വിളിക്കാം; 'മുഖ്യമന്ത്രി എന്നോടൊപ്പം'

തിരുവനന്തപുരം: പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി'മുഖ്യമന്ത്രി എന്നോടൊപ്പം' (CM with ME)സിറ്റിസൺ കണക്ട് സെന്‍റർ ഇന്ന് പ്രവർത്തനം ആരംഭിക്കും.1800-425-6789എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും പറയാൻ കഴിയുക. സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.


പ്രധാന സർക്കാർ പദ്ധതികൾ,ക്ഷേമ പദ്ധതികൾ,മേഖലാധിഷ്ഠിത സംരംഭങ്ങൾ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി നിജസ്ഥിതി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉത്തരവാദിത്തം ഉറപ്പാക്കാനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക,ഭവന നിർമ്മാണം,ആരോഗ്യ സംരക്ഷണം,വിദ്യാഭ്യാസം,അടിസ്ഥാന സൗകര്യങ്ങൾ,പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക,പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും സമയബന്ധിതമായി മറുപടി നൽകുക,സ്ഥിരതയുള്ള ഒരു ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുക,അടിയന്തരഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിച്ച് സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കി വിശ്വസനീയമായ ജനസേവന സംവിധാനമായി പ്രവർത്തിക്കുക എന്നിവയും ലക്ഷ്യമിടുന്നു.

സിറ്റിസൺ കണക്ട് സെന്‍ററിന്‍റെ നടത്തിപ്പും മേൽനോട്ട ചുമതലയും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്. വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിലാണ് സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തിക്കുന്നത്. 'മുഖ്യമന്ത്രി എന്നോടൊപ്പം'സിറ്റിസൺ കണക്ട് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29 നു വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി,എ കെ ശശീന്ദ്രൻ,രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ,വി ശിവൻകുട്ടി,അഡ്വ. ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ ഡോ കെ എം എബ്രഹാം ആമുഖ പ്രഭാഷണം നടത്തും. ഡോ ശശി തരൂർ,മേയർ ആര്യ രാജേന്ദ്രൻ,വി കെ പ്രശാന്ത് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ,കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് നന്ദി അറിയിക്കും

Post a Comment

Previous Post Next Post
Join Our Whats App Group