Join News @ Iritty Whats App Group

മാന്യമായ ജോലി, മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഇഷ്ടംപോലെ ഭക്ഷണം; ബംഗാളികളെ തിരിച്ചുവിളിച്ച്‌ 'ദീദി'

തിരുവനന്തപുരം: ബംഗാളികളെ മമതാ സർക്കാർ മടക്കിവിളിക്കുമ്ബോള്‍ കേരളത്തിലും ചങ്കിടിപ്പ്. ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്നവർക്കായാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി 'ശ്രമശ്രീ' എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.



എന്നാല്‍, കേരളത്തിലുള്ളവർ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്‍ഭീഷണിയാവും. മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്നാണ് സർക്കാർ പ്രതീക്ഷ.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 22 ലക്ഷം ബംഗാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ബിഹാർ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടർപട്ടികയിലെ വെട്ടിനിരത്തല്‍കൂടിയാണ് മമതയുടെ തിരിച്ചുവിളിക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്.

കേരളത്തില്‍ 35 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബംഗാളികള്‍ 41 ശതമാനം വരും. കായികാധ്വാനം ഏറെയുള്ള നിർമാണരംഗത്താണ് അവർ കൂടുതലായും ജോലിചെയ്യുന്നത്-15.7 ശതമാനം പേർ. മരപ്പണി, ഫർണിച്ചർ നിർമാണരംഗത്ത് 13.22 ശതമാനം പേർ തൊഴിലെടുക്കുന്നു. ഹോട്ടല്‍, റസ്റ്ററന്റ് മുതല്‍ ജുവലറി നിർമാണംവരെ ബംഗാളി സാന്നിധ്യം ഏറേ.

കൈനിറയെ കൂലി

കേരളത്തിലെ കൂലിതന്നെയാണ് മുഖ്യആകർഷണം. ശരാശരി 800-900 രൂപയാണ് കൂലി. മേസ്തിരിക്ക് 1200 രൂപവരെയും. വൈദഗ്ധ്യമുള്ളവർക്ക് ചുരുങ്ങിയത് ആയിരം രൂപ ലഭിക്കും. തൊഴിലിന്റെ സ്വഭാവമനുസരിച്ച്‌ കൂലി കൂടും.

2011-ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ഏറ്റവുമധികം പട്ടികജാതിക്കാരുള്ള രാജ്യത്തെ പത്തു ജില്ലകളില്‍ ഒൻപതെണ്ണവും ബംഗാളിലാണ്. ഇതില്‍, സൗത്ത് 24 പർഗാനാസ്, നോർത്ത് 24 പർഗാനാസ്, ബർധമാൻ, നാദിയ, ജല്‍പായ്ഗുഡി ജില്ലകളില്‍നിന്നായി വൻതോതില്‍ ബംഗാളികള്‍ കേരളത്തിലെ തൊഴിലിടങ്ങളിലുണ്ട്.

ബംഗാളില്‍നിന്നുള്ള തൊഴിലാളികളില്‍ രണ്ടിലൊരാള്‍ മുസ്ലിം വിഭാഗത്തല്‍പ്പെട്ടവരാണെന്ന് ആസൂത്രണ ബോർഡ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എറണാകുളം പെരുമ്ബാവൂരിലെ പ്ലൈവുഡ് മേഖലയില്‍ മുർഷിദാബാദ്, ജല്‍പായ്ഗുഡി, കൂച്ച്‌ബെഹാർ, നാദിയ ജില്ലകളില്‍നിന്നുള്ളവർ ഏറെയുണ്ട്. പരമ്ബരാഗത ഹിന്ദു മത്സ്യത്തൊഴിലാളി മേഖലയായ സൗത്ത് 24 പർഗാനാസില്‍നിന്നുള്ളവരും കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തൊഴിലെടുക്കുന്നതു കാണാം.

സുരക്ഷിതവും നല്ല കൂലി ലഭിക്കുന്നതുമായ തൊഴില്‍സാഹചര്യം ഉപേക്ഷിച്ച്‌ ബംഗാളികള്‍ മടങ്ങിപ്പോവാനിടയില്ല. അതേസമയം, ബംഗ്ലാദേശികളെന്നു മുദ്രകുത്തിയുള്ള വിദ്വേഷപ്രചാരണം ഭീതിവിതച്ചത് കാരണമുള്ള അരക്ഷിതത്വം ചിലയിടങ്ങളിലുണ്ടെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡിവലപ്മെന്റ് (സിഎംഐഡി) എക്സിക്യുട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ 'മാതൃഭൂമി'യോടു പറഞ്ഞു.

മമതയുടെ പ്രഖ്യാപനം

*മടങ്ങിവരുന്നവർക്ക് ബംഗാളില്‍ ജോലി

*തൊഴില്‍ കിട്ടുന്നതുവരെ പ്രതിമാസം 5000 രൂപ. ഒരു വർഷംവരെ ഈ തുക ലഭിക്കും

*മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

*കുടുംബത്തിന് ഭക്ഷ്യഭദ്രത ഉറപ്പാക്കും

*ആരോഗ്യപദ്ധതികളുടെ ആനുകൂല്യവും

Post a Comment

أحدث أقدم
Join Our Whats App Group