Join News @ Iritty Whats App Group

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തൽ; നാലാം ദിവസത്തെ തെരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല, മാധ്യമവിലക്കിൽ ഇടപെട്ട് ഹൈക്കോടതി

ബെംഗളൂരു: ധർമസ്ഥലയിൽ നാലാം ദിവസത്തെ തെരച്ചിലിൽ സാക്ഷി ചൂണ്ടിക്കാണിച്ച രണ്ടിടങ്ങളിൽ ഒന്നും കണ്ടെത്താനായില്ല. പുഴക്കരയിലെ അസ്ഥിഭാഗങ്ങൾ ധർമസ്ഥലയിൽ മറവ് ചെയ്ത ഏതെങ്കിലും അജ്ഞാതമൃതദേഹത്തിന്‍റേതാകാമെന്നും എല്ലാ അസ്വാഭാവികമരണങ്ങൾക്കും രേഖകളുണ്ടെന്നും മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കേശവ ഗൗഡ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധർമസ്ഥല ട്രസ്റ്റിനെച്ചൊല്ലി മാധ്യമവിലക്ക് ഏർപ്പെടുത്തിയ സെഷൻസ് കോടതി ഉത്തരവിൽ ഇന്ന് ഹൈക്കോടതി ഇടപെടലുമുണ്ടായി.


1987 മുതൽ എല്ലാ അസ്വാഭാവികമരണങ്ങളുടെയും രേഖകൾ പക്കലുണ്ടെന്നും ഈ സ്ഥലത്തൊക്കെ നിരവധി ആത്മഹത്യ നടന്നിട്ടുണ്ടെന്നും ധര്‍മസ്ഥല മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കേശവഗൗഡ പറഞ്ഞു. അതിൽ പലതും പോസ്റ്റ് മോർട്ടത്തിന് ശേഷം അവിടെത്തന്നെ മറവ് ചെയ്തു. ഇതിനെല്ലാം രേഖകളുള്ളതാണെന്നും കേശവഗൗഡ പറഞ്ഞു.


ഏഴ്, എട്ട് സ്പോട്ടുകളിൽ ആറടി വരെ വിശദമായി കുഴിച്ച് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ ലഭിച്ച അസ്ഥിഭാഗങ്ങൾ ബെംഗളുരു എഫ്എസ്എൽ ലാബിലേക്ക് ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു. ഇതിൽ അഞ്ചെണ്ണം പല്ലിന്‍റെ കഷ്ണങ്ങളാണ്. ഒന്ന് താടിയെല്ലും, രണ്ടെണ്ണം തുടയെല്ലുമാണ്. ബാക്കിയെല്ലാം പൊട്ടിയ നിലയിലാണ്.വനഭൂമിയിലെ പരിശോധനയ്ക്ക് ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിക്കണോ എന്ന് അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. പക്ഷേ, കല്ലും മണ്ണും പാറക്കെട്ടും നിറഞ്ഞ ഭൂമിയിൽ റഡാർ പരിശോധന ഫലപ്രദമായേക്കില്ല എന്നും വിലയിരുത്തലുണ്ട്.


ധർമസ്ഥല ട്രസ്റ്റ് ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെയുടെ സഹോദരൻ ഹർഷേന്ദ്ര നൽകിയ ഹർജിയിലാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകളിൽ ക്ഷേത്രത്തിന്‍റെയോ ട്രസ്റ്റിന്‍റെയോ പേര് പരാമർശിക്കുന്നത് വിലക്കിയും വാർത്തകളുടെ ലിങ്കുകൾ പിൻവലിക്കണമെന്ന് പറഞ്ഞും ബെംഗളുരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി വന്നത്. കുഡ്‍ല റാംപേജ് എന്ന യൂട്യൂബ് ചാനലാണ് ഇതിനെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. കുഡ്‍ല റാംപേജിനുള്ള വിലക്ക് നീക്കിയ ഹൈക്കോടതി, ഈ കേസ് എതിർകക്ഷികളുടെ വാദം കേട്ടുകൊണ്ട് വീണ്ടും പരിഗണിക്കാൻ സെഷൻസ് കോടതിയോട് നിർദേശിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group