Join News @ Iritty Whats App Group

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ യൂറോപ്പിലേക്ക് പോകണോ?; കന്യാസ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: രാജ്യത്ത് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെയുള്ള ആക്രമണങ്ങളിൽ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത ബിഷപ്പ്. ഒഡീഷയിൽ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം നടന്നതിലാണ് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.


ക്രിസ്ത്യൻ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം തുടരുകയാണ്. പാകിസ്ഥാനിൽ ന്യൂനപക്ഷ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞു കേന്ദ്രം നിയമം നിർമിച്ചു ഹിന്ദുക്കൾക്ക് പൗരത്വം നൽകി. അതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷം വിദേശ രാജ്യത്തേക്ക് പോകണോ എന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിൽ ചോദിച്ചു. ക്രിസ്ത്യാനികള്‍ യൂറോപ്പിലേക്ക് പോകണോയെന്നും ബിഷപ്പ് തുറന്നടിച്ചു.


സൗര വേലി വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ഫോറസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഫോറസ്റ്റ് ഓഫിസിന് മുന്നിൽ സാരി വേലി കെട്ടിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധമാർച്ച്‌ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് താമരശ്ശേരി രൂപതയിലെ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിലാണ് സാരിവേലി സമരവും പ്രതിഷേധ റാലിയും ധർണ്ണയും നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ വനംമന്ത്രി എകെ ശശീന്ദ്രനെതിരെയും ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സര്‍ക്കാരിനെതിരെ നിസ്സഹകരണ സമരം നടത്തും. ജയിൽ നിറക്കാനും മടിയില്ല. തെരഞ്ഞെടുപ്പ് വരുന്നത് ഓർക്കണമെന്നും ബിഷപ്പ് പറഞ്ഞു. വനം വകുപ്പിനെതിരെ ക്വിറ്റ് വനം വകുപ്പ് സമരം നടത്തുമെന്നും ബിഷപ്പ് പറഞ്ഞ‌ു

Post a Comment

أحدث أقدم
Join Our Whats App Group