ഇരിക്കൂർ: കല്യാട്ട് 30 പവനും അഞ്ചുലക്ഷം രൂപയും മോഷണംപോയ വീട്ടിലെ യുവതി കർണാടക സാലിഗ്രാമത്തിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍.
പുള്ളിവേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ കെ.സി. സുമതയുടെ മകൻ സുഭാഷിന്റെ ഭാര്യ ദർശിതയെ (22) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് ദർശിത കൊല്ലപ്പെട്ടെന്ന വിവരം ഇരിക്കൂർ പോലീസിന് കിട്ടിയത്.
വെള്ളിയാഴ്ച പകലാണ് കല്യാട്ടെ വീട്ടില്‍ മോഷണം നടന്നത്. രാവിലെ കുടുംബനാഥ സുമതയും ഇളയമകൻ സൂരജും ചെങ്കല്‍പ്പണയില്‍ ജോലിക്ക് പോയിരുന്നു. ദർശിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. വെള്ളിയാഴ്ച രാവിലെ ദർശിത രണ്ടരവയസ്സുള്ള മകളെയും കൂട്ടി സ്വന്തം നാടായ കർണാടകയിലെ ഹുൻസൂരിലേക്കും പോയി. വൈകീട്ട് സുമത ജോലി കഴിഞ്ഞെത്തിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടത്.
ദർശിത പോയത് മകളെ സ്വന്തം വീട്ടിലാക്കി
ഇരിക്കൂർ: കല്യാട്ട് മോഷണം നടന്ന വീട്ടില്‍ നിന്ന് ദർശിത മകളെയും കൂട്ടിപോയത് സ്വന്തം വീട്ടിലേക്ക്. കുട്ടിയെ അവിടെയാക്കിയാണ് കർണാടകയിലെ സാലി ഗ്രാമത്തിലേക്ക് പോയതെന്നാണ് കരുതുന്നത്. സ്വർണം നഷ്ടപ്പെട്ട വീട്ടിലെ അലമാരയില്‍ നിന്ന് അഞ്ചുലക്ഷം രൂപയും കാണാതായിരുന്നു. മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് ദർശിതയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
മകളെ സ്വന്തം വീട്ടിലാക്കിയശേഷം ദർശിത കർണാടക സ്വദേശിയുടെ ഒപ്പം പോയി എന്ന വിവരമാണ് പിന്നീട് ലഭിച്ചത്. ഇതിനുശേഷമാണ് ഞായറാഴ്ച ഉച്ചയോടെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി കിടക്കുന്നുണ്ട്. ദർശിതയുടെ മുഖം വികൃതമായ നിലയിലാണ്.
കസ്റ്റഡിയിലുള്ള സുഹൃത്തിന്റെ മൊഴിയിങ്ങനെ
കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സുഹൃത്ത് കർണാടക പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ ഒന്നിച്ച് അമ്ബലത്തില്‍ പോയി. അതിന് ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഭക്ഷണം വാങ്ങിക്കാൻ പുറത്തുപോയി വന്നപ്പോള്‍ ദർശിത മുറി തുറന്നില്ല. ലോഡ്ജ് ജീവനക്കാരെ വിളിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിലും മോഷണത്തിലും ഇയാള്‍ക്കും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, കരിക്കോട്ടക്കരി ഇൻസ്പെക്ടർ കെ.ജെ. വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവർ കർണാടകയിലേക്ക് പുറപ്പെട്ടു.
Post a Comment