Join News @ Iritty Whats App Group

ഇരിട്ടി കൂട്ടുപുഴയിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാപ്പാകേസ് പ്രതി പുഴയില്‍ ചാടിയ സംഭവം;തിരച്ചില്‍ ഇന്നും തുടരുന്നു

രിട്ടി(കണ്ണൂർ): ഇരിട്ടി-വീരാജ്പേട്ട അന്തസ്സംസ്ഥാനപാതയിലെ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ പുഴയില്‍ചാടി രക്ഷപ്പെടാൻ ശ്രമിച്ച കാപ്പാകേസ് പ്രതിക്കായി തിരച്ചില്‍ തുടരുന്നു.


തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുള്‍ റഹീമാണ് (30) വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ പുഴയില്‍ ചാടിയത്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടെന്ന നിഗമനത്തില്‍ പോലീസും അഗ്നിരക്ഷാസേനയും ബാരാപോള്‍ പുഴയുടെ ഇരുകരകളിലും നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണം നിർത്തുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഏഴുമുതല്‍ കൂട്ടുപുഴ മുതല്‍ ഇരിട്ടി പാലം വരെ പുഴയുടെ ഇരുകരകളിലുമായി തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഇരിട്ടി അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇരിട്ടി, പേരാവൂർ, മട്ടന്നൂർ, കൂത്തുപറമ്ബ് യൂണിറ്റുകളിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രണ്ട് ഡിങ്കി ബോട്ടുകളിലായാണ് തിരച്ചല്‍ നടത്തിയത്.

വള്ളിത്തോട് ഒരുമ റെസ്ക്യു ടീം അംഗങ്ങളും ഇവർക്കൊപ്പമുണ്ടായിരുന്നു. കുത്തൊഴുക്കുള്ള പുഴയില്‍ ഒഴുകിപ്പോയ റഹീമിനെ 100 മീറ്റർ താഴെയുള്ള കച്ചേരിക്കടവ് പാലത്തിന് സമീപംവരെ പ്രദേശവാസികള്‍ കണ്ടിരുന്നു.

അടിയൊഴുക്ക് ശക്തമായതിനാല്‍ ഏറെദൂരം ഒഴുകിപ്പോവാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ഇരിട്ടി ഇൻസ്പെക്ടർ എ. കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്‌ഐ എം.ജെ. ബെന്നി, എസ്‌ഐ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ പോലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിരുന്നു.

റഹീമിനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി നിതിൻ എന്നിവരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ആവശ്യമുള്ളപ്പോള്‍ വിളിച്ചാല്‍ ഹാജരാകണമെന്ന നിബന്ധനയോടെയാണ് വിട്ടയച്ചത്. മൂന്നുപേരും ഗോണിക്കൊപ്പയില്‍നിന്ന് കൂട്ടപുഴയിലേക്ക് എത്തിയ കാർ പോലീസ് കസ്റ്റഡിയിലാണ്. കാറില്‍ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കോഴിക്കോട് സ്വദേശിയായ നിതിൻ, ലോറിയിലാണ് ഗോണിക്കൊപ്പയിലേക്ക് പോയത്. തിരിച്ച്‌ കാറിലാണ് മൂവരും കൂട്ടുപുഴ വരെ എത്തിയത്. ഇതിലെ ദുരൂഹത പോലീസ് വിശദമായി അന്വേഷിക്കുകയാണ്. കാർ കർണാടകയില്‍നിന്നും മോഷ്ടിച്ചതാണെന്ന സംശയവും പോലീസിനുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group