ഇരിട്ടി: എടക്കാനം റിവർവ്യൂ പോയന്‍റില്‍ കഴിഞ്ഞ 13ന് നടന്ന ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് റിമാൻഡിലായ പ്രധാന പ്രതികളെ എടക്കാനത്തെത്തിച്ച് തെളിവെടുത്തു.
ഇരിട്ടി പോലീസ് ഇൻസ്പെക്‌ടർ എ. കുട്ടികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി എടക്കാനത്തെ ആക്രമണം നടന്ന പുഴക്കരയിലും പ്രതികള്‍ രക്ഷപ്പെടുന്നതിനിടെ വാഹനാപകടം നടന്ന സ്ഥലത്തും എത്തിച്ച് തെളിവെടുത്തത്.
കേസിലെ രണ്ടാം പ്രതിയും അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്‍റെ ഉടമയുമായ മുഴക്കുന്ന് നല്ലൂരില്‍ ഉരുവച്ചാലില്‍ ഹൗസില്‍ അട്ടാപ്പി എന്ന ശ്രീലാല്‍ (29), മൂന്നാം പ്രതി കാക്കയങ്ങാട് പാലപ്പുഴ കൂടലാട് ശ്രുതി നിവാസില്‍ ഉണ്ണി എന്ന സുജീഷ് (26), അഞ്ചാം പ്രതിയും സിപിഎം കാക്കയങ്ങാട് ലോക്കല്‍ കമ്മിറ്റിയംഗവും കാക്കയങ്ങാട് പാലപ്പുഴ കൂടലാട് ബ്രാഞ്ച് സെക്രട്ടറിയുമായ ദേവർ ഹൗസില്‍ എ. രഞ്ജിത്ത് (32) എന്നിവരെയാണു കേസന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തത്.
പ്രതികള്‍ സംഭവത്തിനുശേഷം രക്ഷപ്പെടുന്നതിനിടെ കീഴൂർക്കുന്ന്-എടക്കാനം റോഡില്‍ പാലാപ്പറമ്ബ് വയോജന കേന്ദ്രത്തിനു സമീപം കശുമാവ് തോട്ടത്തില്‍ വലിച്ചെറിഞ്ഞ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എടക്കാനം സ്വദേശികളുടെ പരാതിയില്‍ കണ്ടാലറിയാവുന്ന 12 പേരുള്‍പ്പെടെ 15 പേർക്കെതിരെയാണ് ഇരിട്ടി പോലീസ് വധശ്രമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെത്തിരുന്നത്. എട്ടു പ്രതികളാണ് ഇതുവരെ പിടിയിലായത്. എടയന്നൂർ ശുഹൈബ് വധക്കേസ് പ്രതിയും കാക്കയങ്ങാട് പാലപ്പുഴ സ്വദേശിയുമായ ദീപ് ചന്ദാണ് (34) എടക്കാനം കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ മറ്റു പ്രതികള്‍ ഒളിവിലാണ്.
ഇവരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കിയതായും പ്രധാന പ്രതിയുള്‍പ്പെടെ ഉടൻ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി പോലീസ് ഇൻസ്പെക്‌ടർ എ. കുട്ടിക്കൃഷ്ണൻ പറഞ്ഞു
Post a Comment