അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ കോൺഗ്രസ് യുവ നേതാവിനെ പിന്തുണയ്ക്കേണ്ടെന്ന് യൂത്ത് ലീഗ് തീരുമാനം. കൂടുതൽ പരാതികൾ ഇനിയും പുറത്ത് വന്നേക്കുമെന്ന് വിലയിരുത്തൽ. പിന്തുണച്ചാൽ തിരിച്ചടി ഉണ്ടായേക്കുമെന്നും നേതാക്കൾ. ചാടിക്കേറി പിന്തുണക്കാൻ നിൽക്കേണ്ടത് വക്താക്കൾ തമ്മിൽ ധാരണ.
ഇപ്പോൾ പിന്തുണച്ചാൽ കൂടുതൽ പരാതികൾ വരുമ്പോൾ പ്രതിരോധത്തിലാകും. അതിനാൽ അത്തരം അവസ്ഥയിലേക്ക് പോകേണ്ടതില്ലെന്നാണ് യൂത്ത് ലീഗിന്റെ തീരുമാനം. ഇന്നലെയാണ് യുവരാഷ്ട്രീയ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവനടി റിനി ആൻ ജോർജ് രംഗത്തെത്തിയത്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി, അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നായിരുന്നു യുവ നടി റിനി ആൻ ജോർജ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാവിനോട് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നായിരുന്നു യുവ നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തൽ.
ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കറും രംഗത്തെത്തി. തന്നോട് ചാറ്റ് ചെയ്ത ശേഷം തന്നെക്കുറിച്ച് മറ്റുള്ളവരോട് രാഹുൽ മോശമായി സംസാരിച്ചുവെന്ന് ഹണി ഭാസ്കർ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാം. രാഹുലിനെതിരെ പലരും ഷാഫി പറമ്പിലിന് പരാതി നൽകിയെങ്കിലും ഷാഫി അത് അവഗണിച്ചെന്നും ഹണി ഭാസ്കർ ആരോപിച്ചു.
അതേസമയം അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ടു. പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നൽകി.ഹൈക്കമാന്റിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. വസ്തുതയുണ്ടെങ്കിൽ നടപടിയെടുക്കാൻ വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്.
Post a Comment