Join News @ Iritty Whats App Group

നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇൻഫ്ളൂവൻസറാകണം, ആ ജോലി നന്നായി ചെയ്യുന്നുണ്ട്- അഭിജീത് ദീപ്കെ

നരേന്ദ്രമോദി പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞ് ഇൻഫ്ളൂവൻസറാകണം, ആ ജോലി നന്നായി ചെയ്യുന്നുണ്ട്- അഭിജീത് ദീപ്കെ


മുംബൈ: പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് ഒഴിഞ്ഞ് നരേന്ദ്രമോദി സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറാകണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിൽനിന്ന് മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു അഭിജീത് ദീപ്കെ പ്രധാനമന്ത്രിയെ പരിഹസിച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ എന്നനിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ജോലി നന്നായി ചെയ്യുന്നുണ്ടെന്നും അതിനാൽ പ്രധാനമന്ത്രി കസേരയിൽനിന്ന് അദ്ദേഹം മാറണമെന്നും ദീപ്കെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദീപ്കെ ഇക്കാര്യങ്ങൾ പറഞ്ഞത്.

'പ്രധാനമന്ത്രി ഇപ്പോൾ ഒരു ഇൻഫ്ളൂവൻസർ ആകണമെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ളൂവൻസർ എന്ന ജോലി അദ്ദേഹം നന്നായി ചെയ്യുന്നുണ്ട്. അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേരയിൽനിന്ന് രാജിവെക്കണം. മറ്റേതെങ്കിലും നേതാവ് ആ ചുമതല ഏറ്റെടുക്കണം', ദീപ്കെ പറഞ്ഞു.

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത പലരെയും വിവിധ സംസ്ഥാന സർക്കാരുകൾ ഇപ്പോളും വേട്ടയാടുകയാണെന്നും ദീപ്കെ ആരോപിച്ചു. സിജെപി സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ വിദ്യാർഥികളെ വേട്ടയാടുന്നതും അവരെ ഉപദ്രവിക്കുന്നതും സർക്കാരുകൾ അവസാനിപ്പിക്കണം. അല്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ സമരക്കാർ അവരെ പാഠം പഠിപ്പിക്കുമെന്നും ദീപ്കെ കൂട്ടിച്ചേർത്തു.

ധർമേന്ദ്ര പ്രധാന്റെ രാജികൊണ്ട് മാത്രം പൊതുജനത്തിന്റെയും പ്രതിഷേധക്കാരുടെയും രോഷം അവസാനിച്ചിട്ടില്ല. അത് സർക്കാരിനെതിരേയാണ്. എന്തുകൊണ്ടാണ് ബിജെപി സർക്കാർ യുവജനരോഷം മനസിലാക്കുന്നതിൽ പരാജയപ്പെട്ടത്. വിദ്യാർഥികളെ ഇനിയും ലക്ഷ്യംവെച്ചാൽ വീണ്ടും പ്രക്ഷോഭം തുടങ്ങും. പ്രക്ഷോഭങ്ങൾ അവസാനിച്ചെന്ന് സർക്കാർ കരുതേണ്ടെന്നും ഈ വിദ്യാർഥികളൊന്നും തീവ്രവാദികൾ അല്ലെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group