യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കെതിരെ രൂക്ഷവിമർശനം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് വിമർശനം. കട്ടപ്പ ബാഹുബലിയെ കുത്തുന്ന ചിത്രം പോസ്റ്റ് ചെയ്താണ് വിമർശനം ഉയർന്നത്.
ചിത്രത്തിൻെറ ബാക് ഗ്രൌണ്ടിൽ അബിൻ വർക്കിയുടെ ചിത്രവും കാണാം. തോളിൽ കൈയ്യിട്ട് നടന്നവൻെറ കുത്തിന് ആഴമേറും എന്നാണ് ചിത്രത്തിലെ വാചകം. പിന്നിൽ നിന്ന് കുത്തി ഒരുത്തനെ നശിപ്പിച്ചിട്ട് ഒരു ഒറ്റുകാരനും വരേണ്ടെന്നും വിമർശനം ഉണ്ട്. ഇന്നലെ ചാരിത്ര്യ പ്രസംഗം നടത്തിയവർ കണ്ണാടിയിൽ നോക്കണമെന്നും നേതാക്കൾ. എ ഗ്രൂപ്പിൽപ്പെട്ട യൂത്ത് നേതാക്കളാണ് അബിനെതിരെ വിമർശനവുമായി എത്തിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നീക്കത്തിന് പിന്നിൽ അബിൻ വർക്കിയാണെന്ന സംശയത്തിലാണ് വിമർശനങ്ങൾ ഉയരുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക സന്ദേശ വിവാദത്തിൽ കുടുങ്ങി രാജിവെച്ചതോടെ പുതിയ അധ്യക്ഷനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ്നോമിനിയായ മത്സരിച്ച അബിൻ വർക്കിക്കാണ് സാധ്യത കൂടുതൽ. സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായത്. അധ്യക്ഷൻ രാജിവച്ച പശ്ചാത്തലത്തിൽ രാഹുലിന് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്ത് എത്തിയ അബിൻ വർക്കിക്ക് തന്നെ നറുക്ക് വീഴാനാണ് സാധ്യത. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അബിൻ വർക്കിക്കായി സമ്മർദ്ദം ആരംഭിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയിലിൻ്റെ പേരും സജീവമായി ഉയർന്നു കേൾക്കുന്നു. കെ.സി വേണുഗോപാലിന്റെ പിന്തുണയാണ് ബിനു ചുള്ളിയിലിൻ്റെ കരുത്ത്.
എന്നാൽ രാജി ആവശ്യം ഉയരുന്നുണ്ടെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കേണ്ടതില്ലെന്നാണ് കോൺഗ്രസിൻെറ നിലപാട്.
إرسال تعليق