Join News @ Iritty Whats App Group

സെക്രട്ടറിയേറ്റിൽ നിന്ന് തന്നെ തുടക്കം; കെഎസ്ഇബി സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിച്ചു തുടങ്ങി, മാറ്റങ്ങളെ കുറിച്ച് അറിയാം


തിരുവനന്തപുരം: കേരളം ആവിഷ്‌കരിച്ച ബദൽ മാതൃക പ്രകാരമുള്ള സ്‌മാർട്ട്‌ മീറ്ററുകൾ സ്ഥാപിക്കുന്നതിന്‌ കെഎസ്ഇബി തുടക്കം കുറിച്ചു. തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷൻ പരിധിയിലുള്ള രണ്ട്‌ സർക്കാർ കണക്ഷനുകളിലും (സെക്രട്ടറിയേറ്റിൽ ഉള്ള ക്യാമറ, തമ്പാനൂർ ഗവ. യുപി സ്കൂൾ) കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌ ഫീഡർ മീറ്ററുകളിലുമാണ്‌ പൈലറ്റ് അടിസ്ഥാനത്തിൽ വ്യാഴാഴ്‌ച സ്മാർട്‌ മീറ്റർ സ്ഥാപിച്ചത്‌.


ഓഗസ്റ്റ് രണ്ടാം വാരം മുതൽ ബാക്കിയുള്ള സർക്കാർ ഉപഭോക്താക്കൾക്കും ഫീഡറുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കും. ആദ്യ ഘട്ടത്തിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത് സർക്കാർ ഉപഭോക്താക്കൾ, എച്ച് ടി ഉപഭോക്താക്കൾ, വിതരണ ട്രാൻസ്ഫോർമറുകൾ, 11 കെവി, 22 കെവി ഫീഡറുകൾ, ഇലക്ട്രിക്കൽ ഡിവിഷൻ അതിർത്തികൾ എന്നീ വിഭാഗങ്ങൾക്കാണ്.


തുടക്കത്തിൽ 1.8 ലക്ഷം സർക്കാർ ഓഫീസുകളിലും സബ്‌സ്‌റ്റേഷനുകളിലെ 11 കെവി, 22 കെവി ഫീഡറുകളിലും നവംബറോടെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കും. ഒന്നര ലക്ഷത്തോളം സിംഗിൾ ഫേസ്‌ മീറ്ററുകളാണ് സർക്കാർ ഓഫീസുകളിൽ സ്ഥാപിക്കുന്നത്. ഇതിൽ 50,000 സിംഗിൾ ഫേസ്‌ മീറ്ററുകളുടെ ടെസ്റ്റിങ്ങ് പുരോഗമിക്കുകയാണ്. അതു പോലെ, 3,000 ഫീഡർ മീറ്ററുകളിൽ 1,000 മീറ്ററുകളും കെഎസ്‌ഇബിക്ക് ലഭ്യമായിക്കഴിഞ്ഞു.


ബാക്കിയുള്ള സ്മാർട്ട് മീറ്ററുകൾ സെപ്റ്റംബറിൽ ലഭ്യമാകും. ട്രാൻസ്‌ഫോർമർ ബോർഡർ മീറ്ററുകൾ അടുത്ത 2026 മാർച്ചിനകവും എച്ച്‌ടി കൺസ്യൂമർ മീറ്ററുകൾ 2026 ഓഗസ്റ്റിനകവും സ്ഥാപിക്കും. ഇപ്പോൾ സാധാരണ ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നില്ലെങ്കിലും അടുത്ത ഘട്ടങ്ങളിൽ ഇതിനു വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.


രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ടോട്ടക്സ് മാതൃകയിലാണ് സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്നത്. എന്നാൽ, ചെലവ് കുറച്ച് കാപ്പെക്സ് മാതൃകയിൽ ഘട്ടംഘട്ടമായി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് കേരള സർക്കാർ തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ബദൽ മാതൃക തയാറാക്കുകയും 3 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ടെണ്ടർ ചെയ്യുകയും ചെയ്തു.


രണ്ട് പാക്കേജുകളായി നടത്തിയ ടെണ്ടറിൽ ഇസ്ക്രാമെക്കോ ഇന്ത്യാ ലിമിറ്റഡ്, ഈസിയസോഫ്റ്റ് ടെക്നോളജീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഏറ്റവും കുറഞ്ഞ നിരക്കിനുള്ള ഓഫർ നൽകിയത്. സ്ഥാപിക്കുന്ന മീറ്ററുകളുടെ എണ്ണം വളരെ കുറവായിട്ട് പോലും രാജ്യത്ത് ഇതു വരെ നടന്ന ടോട്ടക്സ് അടിസ്ഥാനത്തിലുള്ള സ്മാർട്ട് മീറ്റർ പദ്ധതികളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കാണ് ലഭിച്ചത്.


18 മാസത്തിനകം മീറ്റർ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയാക്കാനും 72 മാസം പരിപാലനം നടത്താനും ആണ് വർക്ക് ഓർഡർ നൽകിയത്. ഇത് പ്രകാരം 2026 മാർച്ച് 31നകം എച്ച്ടി ഉപഭോക്താക്കൾക്ക് ഒഴികെ സ്മാർട്ട് മീറ്റർ സ്ഥാപിക്കുകയും 2026 ഓഗസ്റ്റ് മാസത്തിനകം എച്ച്ടി മീറ്ററുകൾ സ്ഥാപിക്കുകയും ചെയ്യണം. എന്നാൽ, സർക്കാർ ഉപഭോക്താക്കളുടെ മീറ്ററുകളും ഫീഡർ മീറ്ററുകളും മുൻഗണനാടിസ്ഥാനത്തിൽ 2025 നവംബറിനകം പൂർത്തിയാക്കാൻ കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group