ബംഗളൂരു: 80 വോട്ടര്മാരുടെ വിലാസം ഒറ്റമുറി വീട്ടില് രജിസ്റ്റര് ചെയ്തിരിക്കുന്നതായ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, ബംഗളൂരുവിലെ മുനി റെഡ്ഡി ഗാര്ഡനിലുള്ള 35ാം നമ്ബര് വീട്ടില് മാധ്യമപ്പട.
ബംഗളൂരു സെന്ട്രലിലുള്ള മഹാദേവപുര നിയമസഭാ മണ്ഡലത്തില്പ്പെട്ട മുനി റെഡ്ഡി ഗാര്ഡനിലുള്ള 35ാം നമ്ബര് വീട്ടിലേക്ക് കേരളത്തില്നിന്നുള്പ്പെടെയുള്ള വന് മാധ്യസംഘമാണ് കഴിഞ്ഞ ഒന്ന് രണ്ടുദിവസത്തിനുള്ളില് എത്തിയത്.
പത്ത്- പതിനഞ്ച് ചതുരശ്ര അടി മാത്രമുള്ള ഈ വീട്ടില് നിലവില് താമസിക്കുന്നത് പശ്ചിമബംഗാളില് നിന്നുള്ള ഫുഡ് ഡെലിവറി ഏജന്റായ ദീപാങ്കറാണ്. ഒരു മാസം മുമ്ബാണ് ഇയാള് ഈ വീട്ടില് താമസം തുടങ്ങിയത്. തനിക്ക് കര്ണാടകയില് വോട്ടര് ഐ.ഡിയില്ലെന്നും വോട്ടര് പട്ടികയില് പറയുന്ന 80 ഓളം പേരില് ആരെയും തനിക്കറിയില്ലെന്നും ദീപാങ്കര് പറഞ്ഞു. ബി.ജെ.പി പ്രവര്ത്തകനായ ജയറാം റെഡ്ഡിയാണ് വീട്ടുടമ. മാധ്യമങ്ങളുമായി സംസാരിക്കവെ ആദ്യം ബി.ജെ.പി ബന്ധം സ്ഥിരീകരിച്ച ജയറാം റെഡ്ഡി, തന്റെ രാഷ്ട്രീയ പശ്ചാത്തലം വലിയ പ്രാധാന്യത്തോടെ വാര്ത്തയാകുന്നത് കണ്ടതോടെ, പ്രവര്ത്തകനല്ലെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യുക മാത്രമാണ് ഉണ്ടായതെന്ന് തിരുത്തുകയും ചെയ്തു.
വീട്ടില് നേരത്തെ താമസിച്ചിരുന്ന പല ആളുകളും വോട്ടര് ഐ.ഡി രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും പിന്നീട് സ്ഥലം മാറിപ്പോയതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല് ഗാന്ധി വാര്ത്താസമ്മേളനത്തിനിടെ പരാമര്ശിച്ച വിലാസം ഇതുതന്നെയാണ്. വിലാസത്തിലുള്ള പലരും ഒഡിഷ, ബിഹാര്, മധ്യപ്രദേശ്, അസം, ബംഗാള് എന്നിവിടങ്ങളിലേക്ക് മടങ്ങിപ്പോയി. ഇങ്ങനെ പോയ പലരും പിന്നീട് തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന് എത്താറുണ്ടെന്നും ജയറാം റെഡ്ഡി സമ്മതിച്ചു. ഇങ്ങനെ വന്നവരെക്കുറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്നും, ഇനി അറിയിക്കുമെന്നും ചോദ്യങ്ങള്ക്ക് ഉത്തരമായി റെഡ്ഡി പറഞ്ഞു.
ഒറ്റമുറിയായ ഇതില് പരമാവധി രണ്ടോ മൂന്നോ പേര്ക്ക് മാത്രമെ കഴിയാനാകൂ. എന്നാല് വോട്ടര് പട്ടികയില് 80 പേരുടെ വിലാസമായി ഈ മുറി എങ്ങിനെവന്നുവെന്നതിന് റെഡ്ഡിക്ക് വ്യക്തതയില്ല. അതിനാല് രാഹുല് ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്ക്ക് ബലംനല്കുന്നതാണ് ഇത്തരം സംഭവവികാസങ്ങള്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള് വോട്ടര് ഐ.ഡി ലഭിക്കാനായി താല്ക്കാലിക വാടക കരാര് ഉപയോഗിക്കാറുണ്ടെന്നും വോട്ടര് ഐ.ഡി ലഭിക്കുന്നതോടെ ഇവര് മറ്റു സ്ഥലങ്ങളിലേക്ക് പോകുമെങ്കിലും പേരുകള് പട്ടികയില് ബാക്കിയാവുമെന്നും ബംഗളൂരുവിലെ ബൂത്ത് ലെവല് ഓഫിസര്(ബി.എല്.ഒ) മുനിരത്ന പറഞ്ഞു. ഇങ്ങിനെ മാറിപ്പോയ വോട്ടര്മാരുടെ പട്ടിക കമ്മിഷന് അയച്ചെങ്കിലും നടപടിക്രമങ്ങള് മൂലം നീക്കം ചെയ്യാന് വൈകിയതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നുമാണ് മുനിരത്ന അവകാശപ്പെടുന്നത്.
വ്യാഴാഴ്ച രാഹുല് ഗാന്ധി നടത്തിയ വാര്ത്താസമ്മേളനത്തിനിടെ ഉന്നയിച്ച ക്രമക്കേടുകളില് ഏറ്റവും ഗുരുതര ആരോപണങ്ങളിലൊന്ന് മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ ഈ മുറിയുമായി ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസ് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു മഹാദേവപുര നിയമസഭാ മണ്ഡലം ഉള്പ്പെടുന്ന ബംഗളൂരു സെന്ട്രല്. എന്നാല് ഇവിടെ കോണ്ഗ്രസിന്റെ മന്സൂര് അലി ഖാന് 32707 വോട്ടിന് പരാജയപ്പെട്ടു. ലോക്സഭ മണ്ഡലത്തില്പ്പെട്ട മഹാദേവപുര നിയമസഭ മണ്ഡലത്തില് കോണ്ഗ്രസിന് 1,15,586 ഉം ബി.ജെ.പിക്ക് 2,29,632 ഉം വോട്ടുകളും ലഭിച്ചു. അതായത് ഒറ്റ നിയമസഭാ മണ്ഡലത്തില് മാത്രം ബി.ജെ.പിക്ക് 1,14 ലക്ഷം ഭൂരിപക്ഷം. മഹാദേവപുരയിലെ വോട്ടുകള് മാറ്റിനിര്ത്തിയാല് കോണ്ഗ്രസിന് ബംഗളൂരു സെന്ട്രല് ലോക്സഭ മണ്ഡലത്തില് ആകെ 82,000 വോട്ടിന്റെ ലീഡുണ്ടായിരുന്നു. മഹാദേവപുരയിലെ ഒരുലക്ഷത്തിലേറെ വോട്ട് അധികമായി ലഭിച്ചതാണ് ലോക്സഭാ മണ്ഡലത്തില് ബി.ജെ.പി വിജയിക്കാന് കാരണം. മഹാദേവപുരയില് മാത്രം 1,00,250 വോട്ടുകളില് ക്രമക്കേട് ഉണ്ടാക്കിയാണ് ബി.ജെ.പി വിജയിച്ചതെന്നായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തല്.
Post a Comment