Join News @ Iritty Whats App Group

വിപ്ലവനായകന് അന്ത്യാഭിവാദ്യം; ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍, ദർബാർ ഹാളിൽ പൊതുദർശനം

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് വിട നൽകാൻ കേരളം. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വിഎസിന്റെ മൃതദേഹം സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ദർബാർ ഹാളിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി വരെ ഇവിടെ പൊതുദർശനം തുടരും.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തലസ്ഥാനത്തേക്ക് ജനപ്രവാഹമാണ്. വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നേതാക്കളും എത്തുന്നുണ്ട്. ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ പുന്നപ്രയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇതിനിടയിലുള്ള വിവിധ കേന്ദ്രങ്ങളിൽ പൊതു ദർശനം ഉണ്ടാകും. ഇന്ന് രാത്രി ഒമ്പത് മണിയോടെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 10 മണി മുതൽ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം ഉണ്ടാകും. പുന്നപ്ര വയലാർ സമരസേനാനികളുടെ ഓർമകൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ വൈകിട്ട് മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.

തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം

വി എസ് അച്യുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ല. വിലാപയാത്ര കടന്ന് പോകുന്ന സെക്രട്ടറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹന ഗതാഗതം വഴി തിരിച്ച് വിടുമെന്നും പൊലീസ് അറിയിച്ചു

Post a Comment

أحدث أقدم
Join Our Whats App Group