Join News @ Iritty Whats App Group

‘നിമിഷപ്രിയയുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക കേന്ദ്രത്തിന്; സുപ്രിംകോടതിയില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു’; അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍

സുപ്രിംകോടതിയില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നുവെന്ന് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ അഭിഭാഷകന്‍ അഡ്വ. കെ ആര്‍ സുഭാഷ് ചന്ദ്രന്‍. നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഔദ്യോഗികമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല. നിമിഷ പ്രിയയുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക കേന്ദ്ര സര്‍ക്കാരിനാണെന്നും അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍  പറഞ്ഞു.

ജൂലൈ മാസം എട്ടാം തിയതിയാണ് നിമിഷ പ്രിയയുടെ വധശിക്ഷ 16ാം തിയതി തീരുമാനിക്കപ്പെട്ടുവെന്ന മാധ്യമ വാര്‍ത്ത വരുന്നത്. അതിന് ശേഷം റിയാദിലെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായൊക്കെ നിരന്തരം ബന്ധം പുലര്‍ത്തുകയും ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. യെമന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമില്ല. ഇക്കാര്യത്തിലെല്ലാം അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതെല്ലാം ദൂരീകരിക്കാന്‍ ഇന്നത്തെ കേസ് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറ്റോര്‍ണി ജനറലിലനോട് ഇക്കാര്യത്തിലുള്ള നടപടികള്‍ ഇന്ന് അറിയിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.

നിമിഷ പ്രിയയുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുക കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. മറ്റേത് രാജ്യത്തായാലും കേന്ദ്ര സര്‍ക്കാരിന്റെ സഹായം നമുക്ക് ആവശ്യമില്ലായിരുന്നു. 2016തൊട്ട് യാത്രാ വിലക്ക് നിലനില്‍ക്കുന്നത് കൊണ്ട് ഇന്ത്യക്കാരോ ഇന്ത്യന്‍ സംഘടനകളോ സജീവമായി യെമനില്‍ ഇല്ല. നിമിഷയുടെ മോചനത്തിനായി സര്‍ക്കാര്‍ ഒരു രൂപ പോലും നല്‍കേണ്ടതില്ലെന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. പണം മുഴുവനും ആക്ഷന്‍ കൗണ്‍സില്‍ കണ്ടെത്തും. ചര്‍ച്ചകള്‍ നടത്താനുള്ള നയതന്ത്ര ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകേണ്ടത് – അദ്ദേഹം വിശദമാക്കി.

ഇടപെടല്‍ ആവശ്യപ്പെട്ട് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിംകോടതി ഇന്ന് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും. നിമിഷപ്രിയയുടെ മോചനത്തിനായി എന്തെല്ലാം സാധ്യത മുന്നിലുണ്ടെന്നതിലാവും കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയും ഔദ്യോഗികമായി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group