കണ്ണൂർ:ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ പരോക്ഷ വിമർശനവുമായി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ. അധികാരത്തിൽ ഇരിക്കുന്നത് പെണ്ണാവുമ്പോൾ ചിലർക്ക് ഉശിര് കൂടും. കൂടെയുള്ള ഒന്നിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ കൂടെ നിൽക്കുക ഓരോ കമ്മ്യൂണിസ്റ്റുകാരുടെയും ചുമതലയാണെന്നും പിപി ദിവ്യ പറഞ്ഞു.
അതേ സമയം, ആരോഗ്യ മന്ത്രി വീണാ ജോർജ് വന്നതിൽ ആശ്വാസമെന്ന്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ ഭർത്താവ് വിശ്രുതൻ. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് നേരത്തെ വരാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അതു മനസ്സിലാക്കുന്നു. മകന് സ്ഥിര സർക്കാർ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും കുടുംബത്തിൻറെ ദുഃഖത്തിൽ ഒപ്പം നിന്നതിൽ നന്ദി അറിയിക്കുന്നുവെന്നും വിശ്രുതൻ പറഞ്ഞു.
ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് മന്ത്രി വീണാ ജോർജ് തലയോലപ്പറമ്പിലെ ബിന്ദുവിന്‍റെ വീട്ടിലെത്തിയത്. ബിന്ദുവിന്‍റെ ഭർത്താവിനോടും അമ്മയോടും മക്കളോടും മന്ത്രി സംസാരിച്ചു. കുടുംബത്തെ ആശ്വാസിപ്പിച്ച് സർക്കാർ കൂടെയുണ്ടെന്ന് ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളോടൊപ്പമാണ് മന്ത്രി വീട്ടിലെത്തിയത്
Post a Comment