Join News @ Iritty Whats App Group

നിമിഷ പ്രിയയുടെ മോചനം: പണം നല്‍കി സഹായിക്കാന്‍ തയാറെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം

നിമിഷ പ്രിയയുടെ മോചനത്തിനായി സഹായിക്കാന്‍ തയ്യാറെന്ന് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന്റെ കുടുംബം. ദയാധനം സ്വീകരിച്ച് യെമന്‍ പൗരന്റെ കുടുംബം മാപ്പുനല്‍കുമെങ്കില്‍ പണം നല്‍കാന്‍ തയ്യാറെന്ന് റഹീമിന്റെ സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. റഹീം നിമയസഹായ സമിതിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് റഹീമിന്റെ കുടുംബം അറിയിച്ചു. റഹീമിനായി പിരിച്ച തുകയില്‍ നിന്ന് ഒരു പങ്ക് നല്‍കുമെന്ന് റഹീം നിയമസഹായ സമിതി ജനറല്‍ കണ്‍വീനര്‍ കെകെ ആലിക്കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ( Abdul rahim’s family says they are ready to give money nimisha priya)

ഇത് ഒരു മനുഷ്യജീവന്‍ രക്ഷപ്പെടുന്ന കാര്യമാണെന്നും റഹീമിനെപ്പോലെ തന്നെ നിമിഷപ്രിയയേയും കാണുമെന്നും കെകെ ആലിക്കുട്ടി പറഞ്ഞു. റഹീമിനെ രക്ഷിക്കുന്നതിനായി ഏകദേശം 48 കോടിയോളം പിരിഞ്ഞുകിട്ടിയിരുന്നു. 37 കോടി രൂപ ചെലവായിട്ടുണ്ട്. ഏകദേശം 15 കോടിയ്ക്ക് അടുത്ത് ബാങ്കില്‍ കാണുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടിവയ്ക്കാന്‍ കേന്ദ്രം യെമനോട് ആവശ്യപ്പെട്ടതായി അറ്റോണി ജനറല്‍ സുപ്രിംകോടതിയില്‍ അറിയിച്ചിട്ടുണ്ട്. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ട്. പ്രൊസിക്യൂട്ടറിന് കേന്ദ്രസര്‍ക്കാര്‍ കത്ത് അയയ്ക്കുകയും ഒരു ഷെയ്ഖ് വഴി ചര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ദയാധനം സ്വീകരിക്കാന്‍ മരിച്ചയാളുടെ കുടുംബം തയ്യാറാകാതെ മറ്റ് ചര്‍ച്ചകളില്‍ കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group