Join News @ Iritty Whats App Group

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് അധ്യാപകൻ; സ്റ്റാറ്റസാക്കിയ കുറിപ്പിൻ്റെ പേരിൽ പരാതി; പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം നഗരൂർ സ്വദേശിയായ അനൂപിനെയാണ് നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

വിഎസിൻ്റെ മൃതദേഹം പൊതുദർശനം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ പുരോഗമിക്കുകയാണ്. നൂറ് കണക്കിനാളുകൾ ഇപ്പോഴും വിഎസിനെ കാണാൻ വരിനിൽക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ദേശീയപാത വഴിയാണ് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പോവുക. കെഎസ്ആ‌ർടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്ലോർ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group