Join News @ Iritty Whats App Group

നിറവയറുമായി കോടതിയിലെത്തിയപ്പോൾ ബ്ലീഡിങ്, ശ്രീലക്ഷ്മി നേരെ പ്രസവമുറിയിലേക്ക്; ബിഗ് സല്യൂട്ട് നൽകി കമ്മീഷണർ

തൃശൂർ: നിറവയറുമായി ഡ്യൂട്ടി സംബന്ധമായി മൊഴി നൽകാൻ കോടതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥ പ്രസവ മുറിയിലേക്ക്. സ്റ്റേഷനിലെ കേസിലേക്ക് മൊഴി നൽകാനായി കോടതിയിലെത്തിയപ്പോൾ ബ്ളീഡിങ് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ശ്രീലക്ഷ്മിയാണ് കോടതിമുറ്റത്തു നിന്നും ആശുപത്രിയിലെത്തി ആൺകുഞ്ഞിന് ജന്മം നൽകിയത്.

ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ചു പരിക്കേല്പിച്ച കേസിൽ മൊഴി നൽകാനാണ് ശ്രീലക്ഷ്മി കോടതിയിൽ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസിൽ മൊഴി നൽകിയ ശേഷം മാത്രം പ്രസവ അവധി എടുക്കാമെന്ന് ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു. പ്രസവാവധി താമസിപ്പിക്കുന്നതിൽ ഉണ്ടാകാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾ വീട്ടുകാരും സഹപ്രവർത്തകരും അറിയിച്ചെങ്കിലും ഈ കേസിൽ മൊഴി നൽകിയതിനു ശേഷം ലീവ് എടുത്താൽമതി എന്ന തീരുമാനത്തിൽ ശ്രീലക്ഷ്മി ഉറച്ചു നിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇന്നലെ സ്റ്റേഷനിൽ നിന്നും സഹപ്രവർത്തകർക്കൊപ്പം വാഹനത്തിൽ കോടതി മുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടെന്ന് ബ്ളീഡിങ് തുടങ്ങുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശ്രീലക്ഷ്മി പ്രസവിച്ചു. ശാരീരിക വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തി പൊലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിർവ്വഹണത്തോടുള്ള ആത്മാർത്ഥയെ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസും സഹപ്രവർത്തകരും അഭിനന്ദിക്കുകയും കുഞ്ഞിനും അമ്മയ്ക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.

തൃശൂർ സിറ്റി പൊലീസ് പങ്കുവച്ച പോസ്റ്റിന് താഴെ പൊലീസ് ഉദ്യോഗസ്ഥയുടെ ജോലിയോടുള്ള ആത്മാർത്ഥതയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അതേസമയം ഇത്തരം അവസരങ്ങളിൽ ഇങ്ങനെ റിസ്ക് എടുക്കരുതെന്ന കമന്‍റുകളും കാണാം.

Post a Comment

أحدث أقدم
Join Our Whats App Group