Join News @ Iritty Whats App Group

ഒന്ന് തൊട്ടാൽ മതി, പണം പോകും! സാധാരണക്കാർ അറിഞ്ഞിരിക്കണം ഈ ഡിജിറ്റൽ തട്ടിപ്പ് രീതികൾ

നാട്ടിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ച ഒരു വാർത്തയെങ്കിലും എന്നും നമ്മൾ കേൾക്കാറുണ്ട്. പണ്ട് മുതൽക്കേ സാമ്പത്തിക തട്ടിപ്പുകളുണ്ടെങ്കിലും ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ തട്ടിപ്പുകളാണ് ഏറെയും. എന്നാൽ മിക്ക ഡിജിറ്റൽ തട്ടിപ്പുകളും അവസാനിക്കുന്നത് നമ്മുടെ ബാങ്ക് അക്കൗണ്ടിലെ പണം അപഹരിച്ചു കൊണ്ടാകും. നമ്മുടെ സാങ്കേതിക വിദ്യ വളർന്നു വരുന്നതിനനുസരിച്ച് തട്ടിപ്പുകളും അപ്ഡേറ്റഡ് ആയിക്കൊണ്ടിരിക്കുകയാണെന്നും പറയാം. ഓരോ കാലങ്ങളിലായി തട്ടിപ്പു രീതികളും മാറിക്കൊണ്ടേയിരിക്കുന്നു. ഇത്തരത്തിലുള്ള വളരെ സാധാരണയായി കാണപ്പെടുന്ന ചില തട്ടിപ്പ് രീതികളെയാണ് പരിചയപ്പെടുത്തുന്നത്.

ഐഡന്റിറ്റി തട്ടിപ്പുകൾ

നമ്മുടെ ഐഡന്റിറ്റി, അഥവാ വ്യക്തിത്വം അപഹരിച്ച് തട്ടിപ്പുകാർ നടത്തുന്നവയാണ് ഇതിൽ വളരെ സാധാരണമായി കാണപ്പെടുന്ന ഒന്ന്. നമ്മുടെ ആധാർ കാർഡുകൾ, പാൻ കാർഡുകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ ഉപയോഗിച്ച് നമ്മുടെ പേരിൽ ലോണുകളെടുക്കുന്നത് ഇത്തരത്തിൽ പ്രധാനപ്പെട്ട ഒരു തട്ടിപ്പ് രീതിയാണ്. പിന്നീട് ഈ ബാധ്യത നമ്മൾ ഏറ്റെടുക്കേണ്ടി വരുന്നത് മാത്രമല്ല, നമ്മുടെ ക്രെഡിറ്റ് സ്കോറുകളെ ബാധിക്കാനും കാരണമാകും. ഇത്തരത്തിൽ നമ്മളറിയാതെ, നമ്മുടെ വ്യക്തിഗത വിവരങ്ങളുപയോഗിച്ച് ഒരു ലോൺ ആപ്ലിക്കേഷൻ പോയിട്ടുണ്ടെങ്കിൽ നമ്മളാദ്യം മനസിലാക്കേണ്ടത് നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു എന്നതാണ്. ഇത്തരം സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസുമായി ബന്ധപ്പെടുകയും നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുകയും വേണം.

ഫിഷിംഗ്

ഇത് വളരെ സാധാരണമായി നമ്മുടെ രാജ്യത്ത് കണ്ടു വരുന്ന ഒരു ഡിജിറ്റൽ തട്ടിപ്പ് രീതിയാണ്. മെസേജുകൾ, മെയിലുകൾ, വെബ്സൈറ്റുകൾ, കോളുകൾ എന്നിവ വഴി വ്യാജ ലിങ്കുകൾ നമ്മളിലേക്കെത്തിക്കും. നമ്മളിലേക്കെത്തുന്ന ഇത്തരം ലിങ്കുകളോ മറ്റോ നമ്മൾ തുറക്കാൻ ശ്രമിച്ചാൽ നമ്മുടെ വ്യക്തിഗത- സാമ്പത്തിക വിരങ്ങളെല്ലാം തട്ടിപ്പുകാർക്ക് ലഭിക്കും. നമുക്കറിയാത്ത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ അറ്റന്റ് ചെയ്താൽ വരെ നമ്മൾ തട്ടിപ്പിന് ഇരയാക്കപ്പെട്ടേക്കാം. അതു പോലെ നമുക്ക് അക്കൗണ്ടുകളുള്ള ബാങ്കിൽ നിന്നാണെന്ന വ്യാജേന വരുന്ന മെസേജുകളും കോളുകളും ശ്രദ്ധിക്കണം. ഫോണുകളിൽ വരുന്ന ഒ ടി പി എന്റർ ചെയ്യുമ്പോഴും, മറ്റാർക്കെങ്കിലും പറഞ്ഞു കൊടുക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം.

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്

നമ്മുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും ഇന്ന് ഒട്ടും കുറവല്ല. കാർഡുകളിലുള്ള ബാലൻസ് പിൻവലിച്ചെടുക്കുന്നത് കൂടാതെ, നമ്മുടെ പണമുപയോഗിച്ച് ഷോപ്പിംഗ് നടത്തുകയും ചെയ്യും. പലതരത്തിലുള്ള വ്യാജ വെബ്സൈറ്റുകളിൽ നമ്മൾ നൽകുന്ന കാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം ചോ‍ർന്നാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടക്കുന്നത്.

വിവരങ്ങൾ ചോരുന്നു

ആർക്കുമറിയില്ലെന്ന് കരുതി നമ്മൾ രഹസ്യമാക്കി വക്കുന്ന പല വിവരങ്ങളും ഇന്ന് രഹസ്യമല്ല. നമ്മൾ ലക്കി ഡ്രോ കൂപ്പണുകളുടെ ഫോം പൂരിപ്പിക്കുമ്പോൾ നൽകുന്ന നമ്മുടെ ഫോൺ നമ്പറും അഡ്രസും വരെ ഇത്തരത്തിൽ പരസ്യമാകുകയാണ്. നമ്മുടെ മെഡിക്കൽ വിവരങ്ങടക്കം ചോരുന്നുണ്ടെന്ന റിപ്പോർട്ടുകൾ പോലും പുറത്തു വന്നിരുന്നു. സാമ്പത്തിക കാര്യങ്ങളിൽ നമ്മുടെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ്- ഡെബിറ്റ് കാർഡുകൾ എന്നിവയടക്കമുള്ള വിവരങ്ങൾ നമ്മളറിയാതെ ഉപയോഗിച്ച് തട്ടിപ്പിനിരയാകാനുള്ള സാധ്യതകളും കൂടുതലാണ്.

ആപ്പുകളും വെബ്സൈറ്റുകളും

ഇന്റർനെറ്റിൽ ഇന്ന് ലക്ഷക്കണക്കിന് ആപ്പുകളും വെബ്സൈറ്റുകളും ലഭ്യമാണ്. ഇതിലേതാണ് വിശ്വാസ യോഗ്യം, തട്ടിപ്പ് എന്ന് തിരിച്ചറിയാൻ പോലുമാകാത്ത വിധമാണ് ഇവയുടെയെല്ലാം രൂപകൽപന. ഇത്തരം വ്യാജ സൈറ്റുകളിലും ആപ്പുകളിലും ലോഗിൻ ചെയ്യുന്നതു പോലും തട്ടിപ്പുകാർക്ക് നമ്മളിലേക്കുള്ള ആക്സസ് എളുപ്പമാക്കാൻ സഹായിക്കും. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനു മുൻപും, വെബ്സൈറ്റിൽ ലോഗിൻ ചെയ്യുന്നതിനു മുൻപും ഒരുപാടു തവണ ആലോചിക്കുക എന്നത് മാത്രമാണ് ഏക പോംവഴി.

ഓരോ ദിവസം കടന്നു പോകുന്തോറും നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത രീതികളിലാണ് തട്ടിപ്പുകൾ നടക്കുന്നത്. ശ്രദ്ധാ പൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതു മാത്രമാണ് തട്ടിപ്പിനിരയാകാതിരക്കാൻ നമുക്ക് സ്വീകരിക്കാവുന്ന ഏക വഴി. സർക്കാർ നൽകുന്ന കൃത്യമായ നിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഏതൊരാൾക്ക് നൽകുന്നതിനു മുൻപും ഒരുപാട് ആലോചിക്കുകയും വേണം. സാമ്പത്തിക കാര്യങ്ങൾ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം

Post a Comment

Previous Post Next Post
Join Our Whats App Group