Join News @ Iritty Whats App Group

സംശയരോഗി, ആണിനോടും പെണ്ണിനോടും സംസാരിച്ചാൽ സതീഷിന് സംശയം, മകളെ വളർത്താൻ അതുല്യ എല്ലാം സഹിച്ചു, ആരോപണവുമായി ബന്ധു

കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധു രംഗത്ത്. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭർത്താവ് സതീഷ് വിലക്കിയിരുന്നുവെന്ന് അതുല്യയുടെ ബന്ധു ജിഷ രജിത്ത് വെളിപ്പെടുത്തി.

അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാൾ കാണുന്നതെന്ന് ജിഷ പറഞ്ഞു. മകളെ വളർത്താൻ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാൻ അതുല്യ എല്ലാവരുടെയും മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറയുന്നു.

അതുല്യയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയിൽ അതുല്യ ഉച്ചത്തിൽ നിലവിളിക്കുന്നതും ഭർത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാം. ഈ സാഹചര്യത്തിൽ അതുല്യയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ബന്ധുക്കളുടെ മൊഴി. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം

ഷാര്‍ജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ കേസ് അന്വേഷിക്കാൻ പ്രത്യേക എട്ടംഗ അന്വേഷണ സംഘം രൂപീകരിച്ചു. ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന സംഘത്തിന് മേൽനോട്ടം വഹിക്കും. അന്വേഷണത്തിന്റെ ഭാഗമായി, പ്രതി സതീഷിന്റെ ക്രൂരത ചിത്രീകരിച്ച മൊബൈൽ ഫോൺ കണ്ടെടുക്കും. അതുല്യയുടെ കുടുംബത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതി സതീഷിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. ആവശ്യമെങ്കിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group