കോഴിക്കോട്:കോഴിക്കോട് വടകരയില്‍ യുവതിയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസുകാർക്ക് മർദനം. പാനൂർ മൊകേരി സ്വദേശി സജീഷാണ് വടകര സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലെടുക്കാന്‍ വന്ന പൊലീസുകാരെയാണ് പ്രതി മര്‍ദിച്ചത്. പൊലീസിനെ ആക്രമിച്ച് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സജീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വടകര വില്യാപ്പള്ളി സ്വദേശിയായ യുവതിയെയും മൂന്ന് വയസുള്ള കുട്ടിയെയും ഓട്ടോയില്‍ കയറ്റി തട്ടിക്കൊണ്ടുപൊകാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഇന്നലെ വടകരയിലെ ആശുപത്രിയില്‍ പോകാനാണ് ഇവര്‍ കൈ കാണിച്ച് നിര്‍ത്തിയ ഓട്ടോയില്‍ കയറിയത്. എന്നാല്‍ ഓട്ടോ വടകര ഭാഗത്തേക്ക് പോകാതെ അപരിചിതമായ പല ഭാഗങ്ങളിലൂടെയും പോവുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ആയഞ്ചേരി എന്ന സ്ഥലത്ത് ഇറക്കി ഓട്ടോ സ്ഥലം വിട്ടു. പിന്നീട് വാഹന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഓട്ടോ ഡ്രൈവര്‍ മൊകേരിക്കടുത്തുള്ള ചാമ്പാട് സ്വദേശി സജീഷാണെന്ന് വ്യക്തമായത്. കസ്റ്റഡിയിലെടുക്കാന്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇയാളുടെ വീട്ടിലെത്തിയ പൊലീസുകാരെ പ്രതി ആക്രമിക്കുകയായിരുന്നു.
വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേശൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. എസ് ഐയ്ക്ക് തലക്ക് അടിയേൽക്കുകയും, എ എസ് ഐയെ കടിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിൽസ തേടി. പരിക്ക് സാരമുള്ളതല്ല. കൂടെയുള്ള മറ്റു പൊലീസുകാര്‍ ചേര്‍ന്നാണ് സജീഷിനെ കീഴ്പ്പെടുത്തി വടകര സ്റ്റേഷനില്‍ എത്തിച്ചത്. പൊലീസുകാരെ ആക്രമിച്ച് കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു
إرسال تعليق