Join News @ Iritty Whats App Group

മട്ടന്നൂർ -ഇരിട്ടി റോഡിലെ ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു

ചാവശ്ശേരി: മട്ടന്നൂർ -ഇരിട്ടി റോഡിലെ ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. അപകടങ്ങളില്‍ ദിവസേനയെന്നോണം യാത്രക്കാർക്ക് പരിക്കേല്‍ക്കുന്നുണ്ട്.

കാല്‍നട യാത്രക്കാർക്ക് അപകടമുണ്ടാകുന്ന സംഭവങ്ങളും കൂടിവരികയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ രണ്ടു പേർക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്‌ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഇരുപത്തിയൊന്നാംമൈലില്‍ ബസ്സിടിച്ച്‌ വൃദ്ധന് കാലിന് പരിക്കേറ്റിരുന്നു. മൂന്നു ദിവസം മുമ്ബ് കാറിടിച്ച്‌ യുവതിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സീബ്രാലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇവരെ കാറിടിച്ച്‌ വീഴ്ത്തിയത്.

വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡ് മെക്കാഡം ടാറിംഗ് നടത്തിയതോടെ പലപ്പോഴും അമിതവേഗത്തിലാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. വേഗനിയന്ത്രണ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല.
ചാവശ്ശേരി പഴയ പോസ്‌റ്റ് ഓഫീസ് പരിസരത്ത് സ്വകാര്യ ബസ് ഓട്ടോയിലിടിച്ച്‌ സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാർ വൈദ്യുതി തൂണ്‍ ഇടിച്ചു തകർത്ത് മറിയുകയും ചെയ്തു. ചാവശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിന് സമീപം കാറും പാർസല്‍ വാനും കൂട്ടിയിടിച്ച്‌ മൂന്നു പേർക്ക് പരിക്കേറ്റത് കഴിഞ്ഞയാഴ്ചയാണ്.

സ്വകാര്യ ബസുകളുടെ മത്സരയോട്ടം

പത്തൊൻപതാംമൈല്‍, കൂരൻമുക്ക്, ഇരുപത്തിയൊന്നാംമൈല്‍ തുടങ്ങിയ സമീപ പ്രദേശങ്ങളിലും ഒട്ടേറെ അപകടങ്ങളാണ് സമീപവർഷങ്ങളില്‍ ഉണ്ടായിട്ടുള്ളത്. സ്വകാര്യബസ്സുകള്‍ മത്സരയോട്ടം നടത്തുന്നതും പലപ്പോഴും ഭീഷണി ഉയർത്തുന്നുണ്ട്.
അപകടങ്ങള്‍ പതിവായതിനെ തുടർന്ന് പ്രതിഷേധം ഉയർന്നതോടെ പത്തൊൻപതാംമൈലിലും സ്‌കൂള്‍ പരിസരങ്ങളിലും പൊലീസ് സ്പീഡ് ബ്രെയ്ക്കറുകള്‍ സ്ഥാപിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ വേഗനിയന്ത്രണ സംവിധാനങ്ങളും ബോധവല്‍ക്കരണവും നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group