Join News @ Iritty Whats App Group

ശക്തമായ പ്രതിഷേധമുയര്‍ത്തി വീണ്ടും പ്രതിപക്ഷം; പാര്‍ലമെൻ്റിൻ്റെ ഇരുസഭകളും സ്തംഭിച്ചതിന് പിന്നാലെ നാളേക്ക് പിരിഞ്ഞു

ദില്ലി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിഷേധത്തില്‍ സ്തംഭിച്ച് പാർലമെന്റ്. ചര്‍ച്ച വേണമെന്ന ആവശ്യം സ്പീക്കർ തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണം എന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധന്‍കറിന്‍റെ രാജിയുടെ കാരണം തേടി രാജ്യസഭയിലും ബഹളമുണ്ടായി. ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

രാവിലെ പാര്‍ലമെൻ്റിൻ്റെ പ്രധാന കവാടത്തിന് മുന്നിൽ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ബിഹാറിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ലോക്‌സഭ തുടങ്ങിയ ഉടൻ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെ ജെഡിയു അംഗം ഗിരിധരി യാദവ് കഴിഞ്ഞ ദിവസം വിമ‍ര്‍ശിച്ചത് ഇന്ന് പ്രതിപക്ഷം ലോക്സഭയിൽ ആയുധമാക്കി.

എന്നാൽ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിൽ സ്പീക്കര്‍ വിമര്‍ശിച്ചു. സഭയുടെ അന്തസ് കാട്ടണമെന്നും മുതിര്‍ന്ന അംഗങ്ങൾ മര്യാദ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ജഗദീപ് ധൻകറിൻ്റെ രാജിയിൽ വ്യക്തത ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് ച‍ര്‍ച്ച അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്തു. ഇന്ന് യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ ശേഷം രാജ്യസഭയിൽ വീണ്ടും പ്രതിപക്ഷം പ്രതിഷേധവുമായി ഇറങ്ങി. ഇതോടെ രാജ്യസഭയും നിര്‍ത്തി. ബഹളത്തിൽ മുങ്ങിയതോടെ സഭ നടപടികൾ രണ്ട് മണി വരെ നിര്‍ത്തിവച്ചു. എന്നാൽ പിന്നീട് സഭ സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. ഇതോടെ നടപടികൾ പൂര്‍ത്തിയാക്കി ഇരു സഭകളും നാളത്തേക്ക് പിരിഞ്ഞു.

ഇതിനിടെ കേരളത്തിലെ ദേശീയപാത 66 ൽ 15 ഇടത്ത് തകരാറുകൾ കണ്ടെത്തിയതായി കേന്ദ്രം രേഖാമൂലം പാര്‍ലമെൻ്റിൽ മറുപടി നൽകി. കെ സി വേണുഗോപാലിൻ്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുടേതാണ് മറുപടി. കൂരിയാട് ദേശീയപാത തകർച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതിയുടെ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് കേന്ദ്രമന്ത്രി ഇന്ന് അറിയിച്ചത്. രണ്ടാമത്തെ സംഘത്തിൻ്റെ റിപ്പോർട്ട് കിട്ടിയില്ലെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group