Join News @ Iritty Whats App Group

'അനുകമ്പയുടെ വില'; ഡോക്ടർ ധനലക്ഷ്മി അവസാനമായി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്, പിന്നീടറിഞ്ഞത് മരണ വാർത്ത


അബുദാബി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് അബുദാബിയിലെ പ്രമുഖ ദന്ത ഡോക്ടറും സാമൂഹിക മേഖലയിൽ ശ്രദ്ധേയ വ്യക്തിത്വവുമായ ഡോ. ധനലക്ഷ്മിയുടെ മരണവാർത്ത പുറത്തെത്തിയത്. താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹികമായ ഒറ്റപ്പെടൽ ഇല്ലാത്ത വിധം അബുദാബിയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു ഡോ. ധനലക്ഷ്മി. ദന്ത ചികിത്സാ രംഗത്തും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു ഡോക്ടര്‍ ധനലക്ഷ്മി. പക്ഷെ ഡോക്ടറുടെ മരണശേഷം ചർച്ചയാവുന്നത് രണ്ട് ദിവസം മുൻപ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ്.

'അനുകമ്പയുടെ വില'-ഇതാണ് ഡോ. ധനലക്ഷ്മി രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത കുറിപ്പിലെ തലക്കെട്ട്. ഇതൊരു കഥയാണോ അനുഭവമാണോ എന്ന് മനസ്സിലാവാത്ത തരത്തിലാണ് എഴുതിയിരിക്കുന്നത്. ധനിക കുടുംബത്തിൽ നിന്ന് വിവാഹം കഴിച്ച സുഹൃത്തിന്‍റെ വാക്ക് വിശ്വസിച്ച് ദയതോന്നി സഹായം ചെയ്ത് കുരുക്കിലായ ഒരു വനിതയുടെ അനുഭവമാണ് കുറിപ്പിലുള്ളത്.

സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന ഇയാൾക്ക് പ്രത്യേക പിന്തുണയാവശ്യമുള്ള ഒരു മകനുണ്ട്. പെട്ടെന്ന് ഒരുദിവസം തനിക്ക് ജോലി നഷ്ടമായെന്നും കാർ കമ്പനി തിരികെ എടുത്തെന്നും വനിതാ സുഹൃത്തിനെ വിളിച്ച് അറിയിക്കുന്നു. മകനെ കൊണ്ടുപോകാനും യാത്രകൾക്കും വാഹനമില്ലെന്ന് കണ്ണീരോടെ പറയുന്നു. ഈ കഥ കേട്ട് സ്വന്തമായി വായ്പ്പയെടുത്ത് കാ‌ർ വാങ്ങി നൽകുകയാണ് ഉറ്റ സുഹൃത്തായ വനിത. പ്രത്യേക പിന്തുണ ആവശ്യമുള്ള അയാളുടെ മകനെ മാത്രമോർത്താണ് ആ ദയ കാട്ടിയത്. പറ്റുമ്പോൾ തിരിച്ചടയ്ക്കണം എന്നത് മാത്രമായിരുന്നു അയാൾക്ക് മുന്നിൽ വെച്ച നിബന്ധന.

പക്ഷെ പിന്നീട് നിരന്തരം പിന്നെ ട്രാഫിക് പിഴകൾ വന്നു തുടങ്ങി. തെറ്റായ പാർക്കിങ്, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്.. അങ്ങനെ പലതും. ചോദിച്ചപ്പോൾ തിരക്കിട്ട് ആശുപത്രിയിൽ പോയപ്പോൾ, മകനെ തെറാപ്പിക്ക് കൊണ്ടുപോയപ്പോൾ സംഭവിച്ചത് തുടങ്ങിയ ന്യായീകരണങ്ങൾ..

വായ്പ്പയും വാഹനവും സ്വന്തം പേരിലായതിനാൽ എല്ലാം വനിതാ സുഹൃത്ത് അടച്ചു തീർത്തു. പക്ഷെ പിന്നെ കാണുന്നത് ഇയാളുടെ കുടുംബം വിദേശയാത്രകൾ നടത്തുന്നതും ഉല്ലസിക്കുന്നതും ആഡംബരത്തിൽ ജീവിക്കുന്നതും എല്ലാമാണ്. തന്‍റെ പേരിലെടുത്ത കാറിന്റെ വായ്പ്പയെങ്കിലും അടച്ചു തീർക്കാൻ പറഞ്ഞിട്ട് അതും കേട്ടില്ല. ചോദിച്ചിട്ടും മറുപടിയില്ല.

ഒടുവിൽ തന്റെ ജോലി നഷ്ടപ്പെട്ട് സഹായം തേടിയപ്പോൾ പോലും പ്രതികരണമുണ്ടായില്ല. ചതിക്കപ്പെടുകയായിരുന്നുവെന്ന തിരിച്ചറിവിൽ ആ വനിത സ്വന്തം അന്തസ് മുറുകെപ്പിടിച്ച് തിരികെ നടന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. സാങ്കൽപ്പികമെന്ന് തോന്നുന്ന രണ്ട് പേരുകളല്ലാതെ മറ്റൊന്നും കുറിപ്പിലില്ല.

ഡോ. ധനലക്ഷ്മിയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് പ്രവാസ ലോകം. ഡോക്ടറെ അടുത്തറിയാവുന്ന ആ‌ക്കും മരണം വിശ്വസിക്കാനാവുന്നില്ല. രണ്ടു ദിവസമായി ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. പത്ത് വർഷത്തിലധികമായി പ്രവാസിയായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിനിയാണ്. മുസഫ ലൈഫ് കെയർ ആശുപത്രിയിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടു ദിവസമായി ഫോണിൽ കിട്ടിയിരുന്നില്ല. ജോലിസ്ഥലത്തും അവർ തിങ്കളാഴ്ച പോയിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group