കണ്ണൂർ ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന്റെ അംഗീകാരം പുതുക്കാതെ, ശോചനീയാവസ്ഥയില്‍ കണ്ണൂർ സൗത്ത് ബസാറിലെ മട്ടമ്മല്‍ റോഡില്‍ പ്രവർത്തിച്ചുവന്നിരുന്ന മൈത്രി സദനം എന്ന സ്വകാര്യ വൃദ്ധസദനം ജില്ലാ സമൂഹിക നീതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടി.
സ്ഥാപനത്തിലുണ്ടായിരുന്ന ഒമ്ബത് അന്തേവാസികളെ അനുയോജ്യമായ മറ്റ് ക്ഷേമ സ്ഥാപനങ്ങളിലേക്ക് മാറ്റി. നാല് പേരെ കണ്ണൂർ ഗവ. വൃദ്ധസദനത്തിലേക്കും മൂന്ന് പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും രണ്ട് പേരെ തോട്ടട അഭയനികേതനിലേക്കുമാണ് മാറ്റിയത്.
2017 വരെ മാത്രമാണ് സ്ഥാപനത്തിന് ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന്റെ അംഗീകാരം ഉണ്ടായിരുന്നത്. അതിന് ശേഷം അംഗീകാരം പുതുക്കാതെയാണ് വൃദ്ധസദനം പ്രവർത്തിച്ചുവന്നത്. ചോർന്നൊലിക്കുന്നതും കോണ്‍ക്രീറ്റ് അടർന്നുവീഴുന്നതുമായ അപകടാവസ്ഥയിലുള്ള വാടക കെട്ടിടത്തില്‍ പ്രവർത്തിച്ചിരുന്ന സ്ഥാപനം മാനദണ്ഡപ്രകാരമുള്ള ബില്‍ഡിംഗ് ഫിറ്റ്നസ്, സാനിറ്ററി സർട്ടിഫിക്കറ്റ് എന്നിവ വർഷങ്ങളായി ലഭ്യമാക്കിയിട്ടില്ല.
ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് 2024ല്‍ സ്ഥാപനം പൂട്ടാൻ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇത് വക വെക്കാതെ തുടർന്നും പ്രവർത്തിച്ചുവരികയായിരുന്നു.അന്തേവാസികളില്‍ നിന്ന് തുക ഈടക്കുന്നുണ്ടെങ്കിലും നിലവാരമുള്ള സേവനങ്ങളൊന്നും നല്‍കിയിരുന്നില്ല. വൃത്തിഹീനമായ രീതിയിലാണ് പരിസരവും അടുക്കളയുമുള്ളത്. പാചക തൊഴിലാളിക്ക് മെഡിക്കല്‍ ഓഫീസർ പരിശോധിച്ചുനല്‍കിയ സാക്ഷ്യപത്രമില്ല. രോഗികളായ താമസക്കാർക്ക് ബന്ധുക്കള്‍ തന്നെ ശുശ്രൂഷ നല്‍കേണ്ട സാഹചര്യമാണുണ്ടായിരുന്നത്. ഇത്തരത്തില്‍ സ്ഥാപനത്തിന്റെ ഭാഗത്ത് നിരവധി വീഴ്ചകള്‍ ഉള്ളതിനാലാണ് അടച്ചുപൂട്ടല്‍ നടപടിയിലേക്ക് വകുപ്പ് കടന്നത്.
ജില്ലാ സാമൂഹിക നീതി ഓഫീസർ പി ബിജുവിന്റെ നേതൃത്വത്തില്‍ സീനിയർ സൂപ്രണ്ട് പി കെ നാസർ, ഒ സി ബി കൗണ്‍സിലർ ഷാജി യു റഹ്്മാൻ, പബ്ലിക് ഹെല്‍ത്ത് ഇൻസ്‌പെക്ടർ ആർ ഫിയാസ്, ഓർഫനേജ് കൗണ്‍സിലർ മേരി ഹിമ, ജെ പി എച്ച് എൻ ലൗലി, ജിനീഷ്, ടി എല്‍ എസ് സി വളണ്ടിയർമാരായ കെ സീമ, സ്വപ്ന രവീന്ദ്രൻ, സജ്നാ ജമീമ, റോസ്ന രവീന്ദ്രൻ എന്നിവരെടങ്ങുന്ന സംഘം മൈത്രി സദനത്തിന്റെ മാനേജർ രമേശന്റെ സാന്നിധ്യത്തിലാണ് സ്ഥാപനം അടച്ചുപൂട്ടി അന്തേവാസികളെ ഒഴിപ്പിച്ചത്.
അന്തേവാസികളെ ഒഴിപ്പിക്കുന്നതിന് കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആംബുലൻസ് സേവനവും സർക്കാർ വൃദ്ധ സദനത്തിലെ ജൂനിയർ പബ്ലിക് ഹെല്‍ത്ത് നഴ്സിന്റെ സേവനവും ലഭ്യമാക്കിയിരുന്നു. ഓർഫനേജ് കണ്‍ട്രോള്‍ ബോർഡിന്റെ അംഗീകാരം പുതുക്കാതെയോ അനധികൃതമായോ താമസക്കാരുടെ ക്ഷേമം നോക്കാതെ പ്രവർത്തിക്കുന്ന എല്ലാ ക്ഷേമ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും സാമൂഹിക നീതി വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന നിർദേശങ്ങള്‍ക്ക് വിധേയമായി അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സാമൂഹിക നീതി ഓഫീസർ പി ബിജു അറിയിച്ചു.
إرسال تعليق