Join News @ Iritty Whats App Group

'മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെ, അമ്മയെ ഏൽപ്പിക്കണമെന്നായിരുന്നു അവൻ്റെ ആഗ്രഹം'; വികാരാധീനനായി ബിന്ദുവിന്‍റെ ഭര്‍ത്താവ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ സർക്കാരിനും മന്ത്രിമാർക്കുമെതിരെ മരിച്ച ബിന്ദുവിന്‍റെ ഭര്‍ത്താവ്. മന്ത്രിമാര്‍ നുണ പറഞ്ഞത് ആശുപത്രിയുടെ വീഴ്ച മറയ്ക്കാനെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. കെട്ടിടം ഉപയോഗിച്ചിരുന്നില്ല എന്ന് പറയുന്നത് നുണയാണ്. മന്ത്രിമാരാരും ഇതുവരെ വിളിച്ചില്ല. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിമാർ ആരും തന്നെ വന്ന് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലെന്നും വിശ്രുതൻ ആരോപിക്കുന്നു. ബിന്ദുവിന്‍റെ വരുമാനമായിരുന്നു ഏക ആശ്രയമെന്നും ഭര്‍ത്താവ് വിശ്രുതന്‍ കൂട്ടിച്ചേര്‍ത്തു. മകന് ആദ്യ ശമ്പളം കിട്ടിയത് ഇന്നലെയാണ്. അത് അമ്മയെ ഏൽപ്പിക്കണമെന്നായിരുന്നു അവൻ്റെ ആഗ്രഹമെന്നും വികാരാധീനനായി വിശ്രുതൻ പറയുന്നു.

രക്ഷാപ്രവർത്തനത്തിലെ വീഴ്ചയിൽ പരാതി ആവർത്തിക്കുകയാണ് ബിന്ദുവിന്റെ കുടുംബം. അപകടം നടന്ന സമയത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ ബിന്ദുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഭർതൃ സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും കുടുംബം ആവശ്യം ഉയർത്തുന്നു. അതേസമയം, ബിന്ദുവിന്റെ സംസ്കാരം ഇന്ന് 11 മണിടോയെ നടക്കും. തലയോലപറമ്പിലെ വീട്ടുവളപ്പിലാണ് സംസ്കാരം നടക്കുക. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകി. ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം 11വരെ പൊതുദർശനത്തിന് വെക്കും.

Post a Comment

Previous Post Next Post
Join Our Whats App Group