കണ്ണൂർ: 'പാവങ്ങളുടെ പടത്തലവൻ' എന്നറിയപ്പെടുന്ന, ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് കൂടിയായ കമ്യൂണിസ്റ്റ് അമരൻ എ.കെ.ഗോപാലന് (എ.കെ.ജി) സ്മരണാഞ്ജലിയായി ജന്മനാടായ പെരളശ്ശേരിയില്‍ മ്യൂസിയം ഒരുങ്ങുന്നു.
അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പള്ളിയത്ത് തൂക്കുപാലത്തിന് സമീപം സർക്കാർ ഏറ്റെടുത്ത 3.21 ഏക്കർ സ്ഥലത്ത് ഈ മ്യൂസിയം യാഥാർത്ഥ്യമാകുന്നത്.
2021 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട ഈ പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയായി. 6.59 കോടി രൂപ ചെലവില്‍ 10737 ചതുരശ്ര അടി വിസ്തൃതിയുള്ള ഇരുനില കെട്ടിടം ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മിച്ചത്. നിലവില്‍ മ്യൂസിയത്തിന്റെ ഇലക്‌ട്രിക്കല്‍ ജോലികളും സംരക്ഷണഭിത്തിയുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആധുനിക മ്യൂസിയം സങ്കല്‍പ്പങ്ങള്‍ ഉള്‍ക്കൊണ്ട ഏഴ് ഗാലറികളാണ് ഇവിടെയുള്ളത്. കൂടാതെ ഡിജിറ്റല്‍ ലൈബ്രറി, ഓഫീസ്, വിശ്രമമുറി, ശുചിമുറികള്‍, കോണ്‍ഫറൻസ് ഹാള്‍, ഒരു കോഫി ഹൗസ് എന്നിവയും മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
എ.കെ.ജി.യുടെ ജീവിതവും സമര പോരാട്ടങ്ങളും ഫോട്ടോകള്‍, ചിത്രങ്ങള്‍, രേഖകള്‍, ദൃശ്യങ്ങള്‍ എന്നിവയിലൂടെയും, ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വല്‍ റിയാലിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ഇവിടെ പ്രദർശിപ്പിക്കും. എ.കെ.ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഇവിടെ കാണാൻ സാധിക്കും.
രണ്ടാം ഘട്ടത്തില്‍ പാർക്ക് നിർമ്മാണം, തൂക്കുപാലം വരെയുള്ള ലാൻഡ്‌സ്‌കേപ്പ് ഒരുക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടക്കും. സ്ഥലമേറ്റെടുപ്പ് മുതല്‍ കെട്ടിട നിർമ്മാണവും മ്യൂസിയം സജ്ജീകരണവും ഉള്‍പ്പെടെ 25 കോടി രൂപയാണ് ഈ അത്യാധുനിക എ.കെ.ജി. മ്യൂസിയത്തിനായി ചെലവഴിക്കുന്നത്. വരുന്ന ഡിസംബറോടെ മ്യൂസിയത്തിന്റെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ അറിയിച്ചു.
إرسال تعليق