Join News @ Iritty Whats App Group

'അര്‍ജുന്‍റെ അമ്മയുടെ സമ്മതത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയാണ്'; വൈകാരിക കുറിപ്പുമായി എകെഎം അഷറ്ഫ് എംഎൽഎ

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ ഓര്‍ക്കാത്തവരായി ആരുമില്ല. അര്‍ജുന്‍റെ മുഖം അത്രമേൽ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. ഷിരൂരിൽ രണ്ടുമാസത്തിലധികം നീണ്ട ദൗത്യത്തിനൊടുവിൽ ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെടുത്തതോടെയാണ് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമായത്. അര്‍ജുന്‍റെ വേര്‍പാട് കുടുംബത്തിനെന്നപോലെ മലയാളികളെയും ഏറെ വിഷമിപ്പിച്ചു.

അര്‍ജുനെ കണ്ടെത്താൻ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തിയ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് ആ ദൗത്യത്തെക്കുറിച്ച് പുസ്തകമെഴുതുകയാണ്. അര്‍ജുന്‍റെ ജീവനെടുത്ത ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം തികയുമ്പോള്‍ വൈകാരികമായ ഫേസ്ബുക്ക് കുറിപ്പോടെയാണ് എകെഎം അഷ്റഫ് ഇക്കാര്യം പങ്കുവെക്കുന്നത്. ഇന്നലെ അര്‍ജുന്‍റെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ കണ്ടുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ എകെഎം അഷ്റഫ് പറയുന്നുണ്ട്.

ഒരിക്കലും മറക്കാനാവാത്ത 71 ദിവസങ്ങളുടെ ഓര്‍മകളുമായി ഒരു പുസ്തകം എഴുതുകയാണെന്ന് എകെഎം അഷ്റഫ് പറഞ്ഞു. എഴുത്തും വായനയും ഏറെ ഇഷ്ടമുള്ള അർജുന്‍റെ അമ്മയുടെ സമ്മതത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നും എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എകെഎം അഷ്റഫ് പറഞ്ഞു. അര്‍ജുന്‍റെ ഓര്‍മകള്‍ക്ക് മരണമില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

അർജുനെ ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നാണ് എകെഎം അഷ്റഫ്  പ്രതികരിച്ചത്. മഴയത്തും വെയിലത്തും നടത്തിയ തെരച്ചിൽ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടതെന്നും പല അഭിപ്രായങ്ങൾ വന്നത് തെരച്ചിലിനെ വഴി തെറ്റിച്ചുവെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.

എകെഎം അഷ്റഫ് എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം ഇന്നലെ പ്രിയപ്പെട്ട അനുജൻ അർജ്ജുന്റെ വീട്ടിൽ പോയിരുന്നു.അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, മകൻ അയാൻ, സഹോദരി അഞ്ജു, സഹോദരൻ അഭിജിത്ത്, സഹോദരീ ഭർത്താവ് ജിതിൻ തുടങ്ങിയവരെ കണ്ടു.അവനെ കാണാതെയായിട്ട് ഇന്നേക്ക് ഒരു വർഷമായി. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്! എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിലുണ്ട്.

ഒരിക്കലും മറക്കാനാവാത്ത ആ 71 ദിവസങ്ങളുടെ ഓർമകളുമായി ഒരു പുസ്തകം എഴുതുകയാണ്. എഴുത്തും വായനയും ഏറെ ഇഷ്ടമുള്ള അർജ്ജുന്റെ അമ്മയുടെ സമ്മതത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.


മണ്ണിടിഞ്ഞ് ഗംഗാവലി പുഴയുടെ ആഴങ്ങളിൽ മറഞ്ഞ അർജുനായി നടന്നത് സമാനതകളില്ലാത്ത തെരച്ചിലായിരുന്നു. 72 ദിവസം നീണ്ട ദൗത്യത്തിനൊടുവിൽ സെപ്റ്റംബർ 25നാണ് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. തെരച്ചിലിന്‍റെ ഘട്ടങ്ങളിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നുവെങ്കിലും മുന്നോട്ട് പോവുകയായിരുന്നു. 72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്.

ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായ വാർത്ത ലോകമറിഞ്ഞത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. പിന്നീടുണ്ടായ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിലൂടെയാണ് അർജുനെ കണ്ടെത്താനായത്.

Post a Comment

أحدث أقدم
Join Our Whats App Group