Join News @ Iritty Whats App Group

'ക്ഷേത്രപരിസരത്ത് സ്ത്രീകൾ തല മറയ്ക്കണം, ജീൻസും സ്കർട്ടും ധരിച്ചാൽ പുറത്ത് നിന്ന് പ്രാർഥിക്കണം'; ബജ്‌റംഗ്ദളിന്‍റെ പോസ്റ്റർ

ജബൽപൂർ: നഗരത്തിലെ ഏകദേശം 40 ക്ഷേത്രങ്ങളിൽ ഞായറാഴ്ച ദർശനത്തിനെത്തിയ ഭക്തര്‍ ഒരു നോട്ടീസ് പതിച്ചിരിക്കുന്നത് കണ്ട് ഞെട്ടി. സ്ത്രീകൾ പരമ്പരാഗത വസ്ത്രങ്ങൾ മാത്രം ധരിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കണമെന്നാണ് പോസ്റ്ററുകളിൽ എഴുതിയിരുന്നത്. വലതുപക്ഷ സംഘടനയായ മഹാകാൽ സംഘ് ഇന്‍റർനാഷണൽ ബജ്‌റംഗ് ദളാണ് ഈ പോസ്റ്ററുകൾ സ്ഥാപിച്ചത്.

'മിനിസ്കർട്ട്, ജീൻസ്, ടോപ്, ഹാഫ് പാന്‍റ്സ് എന്നിവ ധരിച്ചവർ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്, പുറത്തുനിന്ന് പ്രാർത്ഥിക്കുക. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചവർക്ക് മാത്രമേ ക്ഷേത്രപരിസരത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ' എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൂടാതെ, സ്ത്രീകൾ ക്ഷേത്രപരിസരത്ത് തല മറയ്ക്കണമെന്നും പോസ്റ്ററുകൾ നിർദ്ദേശിക്കുന്നു. 'നിങ്ങൾക്ക് മാത്രമേ ഇന്ത്യൻ സംസ്കാരം സംരക്ഷിക്കാൻ കഴിയൂ' എന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്.

നഗരത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ ഈ പോസ്റ്ററുകൾക്കെതിരെ ശക്തമായി രംഗത്തെത്തി. "നമ്മൾ എന്ത് വസ്ത്രം ധരിക്കണം, എന്ത് ധരിക്കരുത് എന്നത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾക്ക് സാരി, സൽവാർ കുർത്ത, അല്ലെങ്കിൽ ഞങ്ങൾക്ക് ഇഷ്ടമുള്ള എന്ത് വസ്ത്രവും ധരിക്കാം. ഇത്തരം പോസ്റ്ററുകൾ കാണുമ്പോൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന സ്ത്രീകൾക്ക് വേദന തോന്നും" എന്ന് അഭിഭാഷകയും വനിതാവകാശ പ്രവർത്തകയുമായ രഞ്ജന കുരാരിയ പറഞ്ഞു.

നഗരത്തിലെ 30 മുതൽ 40 വരെ ക്ഷേത്രങ്ങളിൽ ഈ പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇന്‍റർനാഷണൽ ബജ്‌റംഗ് ദളിന്‍റെ ജില്ലാ മീഡിയ ഇൻചാർജ് അങ്കിത് മിശ്ര പറഞ്ഞു. ഇത് സ്ത്രീകളോടുള്ള ഒരപേക്ഷ മാത്രമാണെന്നും നിർബന്ധിത ഉത്തരവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post
Join Our Whats App Group