Join News @ Iritty Whats App Group

സർക്കാർ ശുപാർശ അംഗീകരിച്ച് ഗവർണർ; ശിക്ഷാ ഇളവ് നൽകി, കാരണവർ വധക്കേസ് പ്രതി ഷെറിൻ പുറത്തേയ്ക്ക്

കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി പുറത്തേയ്ക്ക്. ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു. ഷെറിൻ അടക്കം ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വർഷം തടവ് പൂർത്തിയാക്കിയ 11 പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവർണർ അംഗീകരിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ ഇവർ പുറത്തിറങ്ങുമെന്നാണ് വിവരം.

മദ്യപിച്ച് വഴക്കുണ്ടാക്കി അയൽക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസിൽപ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേർ. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവർ. നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നൽകി വിട്ടയക്കണമെന്ന് സർക്കാർ ശുപാർശ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ജയിലിൽ സഹതടവുകാരിയെ മർദിച്ചുവെന്നുള്ള വിവരവും ഷെറിന് അടിക്കടി പരോൾ ലഭിച്ചതുമാണ് വിവാദത്തിന് കാരണമായത്.

പതിനാല് വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ അഞ്ഞൂറ് ദിവസത്തോളമാണ് ഷെറിന് പരോൾ ലഭിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീർഘിപ്പിച്ച് 30 ദിവസവും കൂടി പരോൾ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നൽകാൻ ജയിൽ ഉപദേശകസമിതി ശിപാർശ ചെയ്തത്.

വിഷയം വിവാദമായതോടെ രാജ്ഭവൻ വിഷയത്തിൽ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. പിന്നാലെ ഷെറിൻ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാർശ ഗവർണർ വിശദമായി പരിശോധിച്ചു. തുടർന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോൾ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ സമർപ്പിക്കുകയായിരുന്നു.

2009 നവംബർ ഏഴിനാണ് ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്‌കര കാരണവരെ ഷെറിൻ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകൻ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമായിരുന്നു 2001ൽ ഇവർ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭർതൃപിതാവിനെ ഷെറിൻ കൊലപ്പെടുത്തിയത്.

2010 ജൂൺ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടർന്ന് ഷെറിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിൻകര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈൽ ഫോൺ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാർച്ചിൽ വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. ഇവിടെവെച്ച് വെയിൽ കൊള്ളാതിരിക്കാൻ ഇവർക്ക് ജയിൽ ഡോക്ടർ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉയർന്നു. പിന്നീട് 2017 മാർച്ചിൽ ഇവരെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group