Join News @ Iritty Whats App Group

‘ഞാന്‍ സ്വയം മരിക്കില്ല അമ്മേ…മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ അയാള്‍ ചെയ്തതാകുമെന്ന് കരുതണം’; മകളുടെ വാക്കുകള്‍ ഓര്‍ത്ത് തുളസിഭായ്

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മാതാവ്. മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും താന്‍ മരിക്കില്ലെന്ന് മകള്‍ തന്നെ മുന്‍പ് പറഞ്ഞിരുന്നുവെന്നും അതുല്യയുടെ മാതാവ് തുളസിഭായ്  പറഞ്ഞു. സ്വയം മരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ മരിച്ചുവെന്ന് കേട്ടാല്‍ അത് അയാള്‍ എന്തെങ്കിലും ചെയ്തതാകുമെന്ന് കരുതിക്കൊള്ളണമെന്നും മകള്‍ ഈയടുത്ത് തന്നോട് പറഞ്ഞതായി മാതാവ്  പറഞ്ഞു. സതീഷ് ഉപദ്രവിക്കുന്നുവെന്ന് മകള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. സതീഷ് തലയ്ക്കും നാഭിയ്ക്കുമാണ് മര്‍ദിക്കാറുള്ളതെന്നും അങ്ങനെ മകളെ കൊലപ്പെടുത്തിയതാകുമെന്ന് കരുതുന്നുവെന്നും തുളസി കൂട്ടിച്ചേര്‍ത്തു. 

കുഞ്ഞിനെ ഓര്‍ത്താണ് എല്ലാം സഹിക്കുന്നതെന്ന് അതുല്യ തന്നോട് പറഞ്ഞതായി മാതാവ് പറയുന്നു. എന്നാല്‍ എന്തിനിനിയും സഹിക്കണമെന്ന് താന്‍ മകളോട് ചോദിച്ചിരുന്നുവെന്നും ഇങ്ങ് പോരാന്‍ മകള്‍ക്ക് ധൈര്യം കൊടുത്തിരുന്നുവെന്നും മാതാവ് പറഞ്ഞു. അതുല്യയുടെ മരണത്തിന് തൊട്ടുമുന്‍പും മകളോട് സംസാരിച്ചിരുന്നു. ഷാര്‍ജയില്‍ തന്നെയുള്ള സഹോദരിയുടെ വീട്ടില്‍പ്പോയ വിശേഷങ്ങള്‍ പറഞ്ഞ് ചിരിച്ചുവെന്നും അന്ന് മകള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. നാളെ മുതല്‍ താന്‍ പുതിയ ജോലിയില്‍ പ്രവേശിക്കുകയാണെന്ന് മകള്‍ സന്തോഷത്തോടെ അറിയിച്ചതായും അമ്മ കൂട്ടിച്ചേര്‍ത്തു.


ദുബായിലുള്ള കെട്ടിട നിര്‍മാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭര്‍ത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കള്‍ പറയുന്നു. ഇതിന് പിന്നാലെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുന്‍പാണ് സതീഷ് അതുല്യയെ ഷാര്‍ജയില്‍ കൊണ്ടുവന്നത്. നേരത്തെ ഇവര്‍ ദുബായിലായിരുന്നു താമസിച്ചത്. ഷാര്‍ജ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. അതേസമയം അതുല്യയുടെ മരണത്തില്‍ മാതാവ് നല്‍കിയ പരാതിയില്‍ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group