കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം ജൂണ്‍ 30 രാത്രിയോടെ അക്കൗണ്ടുകളിലെത്തി. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് അതാത് മാസത്തെ ശമ്പളം മാസാവസാനം സര്‍ക്കാര്‍ നല്‍കുന്നത് . 11 മാസമായി കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കി വരികയാണ്. ജൂണ്‍ മാസത്തെ ശമ്പളവിതരണത്തിന് 80 കോടി രൂപയാണ് ആവശ്യമായി വന്നത്.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നുള്ള മാസങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഒന്നാം തീയതി ഒറ്റത്തവണയായി നല്‍കും. ഇതിന് പുറമെ കെഎസ്ആര്‍ടിസിയും എസ്ബിഐയും ചേര്‍ന്നുള്ള ഇന്‍ഷുറന്‍സ് പദ്ധതി ജൂണ്‍ മുതല്‍ നടപ്പായി കഴിഞ്ഞു. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പദ്ധതി. ഇന്‍ഷുറന്‍സിനായി ജീവനക്കാര്‍ ഒരു രൂപ പോലും പ്രീമിയം അടയ്ക്കേണ്ട എന്നതായിരുന്നു പ്രത്യേകത.
ജീവനക്കാര്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരമായി ലഭിക്കും. അപകടത്തില്‍ പൂര്‍ണ വൈകല്യം സംഭവിച്ചാല്‍ ഒരു കോടി രൂപയും ഭാഗീക വൈകല്യം സംഭവിച്ചാല്‍ 80 ലക്ഷം രൂപയും ലഭിക്കും. ഗ്രൂപ്പ് ടേം ലൈഫ് ഇന്‍ഷുറന്‍സ് ആറ് ലക്ഷവും ലഭിക്കും. 1995 രൂപ വാര്‍ഷിക പ്രീമിയം അടച്ചാല്‍ രണ്ടുലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് പരിരക്ഷയുള്ള ആരോഗ്യഇന്‍ഷുറന്‍സും നടപ്പായി.
ജീവനക്കാരുടെ പങ്കാളിയ്ക്കും രണ്ടു മക്കള്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്. ഒരു വര്‍ഷം 2495 രൂപ അടച്ചാല്‍ മൂന്ന് ലക്ഷം മുതല്‍ 30 ലക്ഷം വരെയാണ് ചികിത്സാ സഹായം. സൂപ്പര്‍ ടോപ്പ്- അപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ വരുന്ന പദ്ധതിയില്‍ ഭൂരിഭാഗം ജീവനക്കാരും ചേര്‍ന്നു.
Post a Comment