Join News @ Iritty Whats App Group

'കേരള'യിൽ പോര്, റജിസ്ട്രാർ നിലവിൽ 2 പേർ, വിസി പിന്തുണക്കുന്ന മിനി കാപ്പനും സിൻഡിക്കേറ്റിന്റെ അനിൽ കുമാറും

തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ അത്യസാധാരണ നാടകീയ രംഗങ്ങൾ തുടരുന്നു. വിസിയും സിൻഡിക്കേറ്റും തമ്മിൽ പൊരിഞ്ഞ പോര്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കേറ്റ് നിർദ്ദേശ പ്രകാരം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെഎസ് അനിൽ കുമാറിനെ അംഗീകരിക്കാതെ പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് വിസി രജിസ്ട്രാറുടെ ചുമതല നൽകി. രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് യോഗത്തെ പിന്തുണച്ച ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ മാറ്റിക്കൊണ്ടാണ് പുതിയൊരാൾക്ക് വിസി ചുമതല നൽകിയത്.

സിൻഡിക്കേറ്റ് ഇന്നലെ സസ്പെൻഷൻ റദ്ദാക്കി ചുമതലയേറ്റ രജിസ്ട്രാർ കെ.എസ് അനിൽകുമാർ രാവിലെ ഓഫീസിലെത്തി. എന്നാൽ റജിസ്ട്രാരെ സസ്പെൻഡ് ചെയ്തപ്പോൾ ചുമതല നൽകിയ ജോയിൻറ് രജിസ്ട്രാർ പി ഹരികുമാറിനെ മാറ്റി പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് വിസി സിസ തോമസ് റജിസ്ട്രാറുടെ ചുമതല നൽകി. നിലവിൽ സിൻഡിക്കേറ്റും വിസിയും തമ്മിലെ പോരിന്റെ ബാക്കിയായി റജിസ്ട്രാർ പദവിയിൽ രണ്ട് പേരുണ്ട്. സർക്കാറും സിൻഡിക്കേറ്റും അംഗീകരിക്കുന്ന രജിസ്ട്രാർ അനിൽകുമാർ, ചാൻസ്ലറും വിസിയും പിന്തുണക്കുന്ന രജിസ്ട്രാർ മിനി കാപ്പൻ.

ഇന്നലെ പിരിച്ചുവിട്ടിട്ടും സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നതിനും മിനുട്ട്സ് എഴുതിയതിനും രജിസ്ട്രാർക്ക് ചുമതലയേൽക്കാൻ അവസരം നൽകിയതിനുമാണ് ജോ. രജിസ്ട്രാർക്കെതിരായ നടപടി. രാവിലെ 9 ന് മുമ്പ് വിസി റിപ്പോർട്ട് തേടിയെങ്കിലും ഹരികുമാർ അവധിയിൽ പോയി. പിന്നാലെയാണ് ഹരികുമാറിന് പകരം ചുമതല മറ്റൊരാൾക്ക് നൽകിയത്.അതിനിടെ പ്രത്യേക സിൻഡിക്കേറ്റ് യോഗത്തെ കുറിച്ചും രജിസ്ട്രാർ ചുമതലയേറ്റതിലും ഗവർണ്ണർ വിസിയോട് റിപ്പോർട്ട് തേടി.

Post a Comment

أحدث أقدم
Join Our Whats App Group