മലപ്പുറം: ഇനി മുതൽ തനിക്ക് മതമില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ചിത്രകാരിയുമായ ജസ്‌ന സലീം. താനിനി ഏതൊരു മതത്തിന്റെയും ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ജസ്ന പറഞ്ഞു. ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച ഗുരുവായൂരപ്പന്റെ ചിത്രം ജസ്ന സമ്മാനിച്ച് വാർത്തകളിലിടം നേടിയിരുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്ന അറിയിച്ചത്.
'ഇതുവരെ ജസ്‌ന സലീം എന്ന വ്യക്തി ഇസ്ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ മതം ഉപേക്ഷിക്കുകയാണ്. മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും അവർ വ്യക്തമാക്കി.
ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് പരാതി. ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ജന്മദിനത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചതും വിവാദമായിരുന്നു. പരാതികൾക്ക് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി
Post a Comment