Join News @ Iritty Whats App Group

രക്ഷിതാക്കളുടെയും കുട്ടികളുടെയും ശ്രദ്ധയ്‌ക്ക്! സ്കൂൾ സമയമാറ്റത്തില്‍ ഉത്തരവിറക്കി സര്‍ക്കാര്‍; ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും. രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.

25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറില്‍ പ്രവര്‍ത്തി ദിനം. പുതിയ അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരുന്നത്. കെ എസ് ടി എ ഉള്‍പ്പടെയുള്ള ഭരണാനുകൂല സംഘടനകള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. പുതിയ വിദ്യാഭ്യാസ കലണ്ടര്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി പി ഐ അധ്യാപക സംഘടന എ കെ എസ് ടി യു എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group