ദില്ലി: രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ (RT-PCR) പരിശോധന നിർബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ കാണാൻ നിശ്ചയിച്ചിട്ടുള്ള ദില്ലിയിലെ എംപിമാർക്കും എംഎൽഎമാർക്കും മറ്റ് നേതാക്കൾക്കും കൊവിഡ് ആർടിപിസിആർ പരിശോധന ഏർപ്പെടുത്തിയിരുന്നു. ബിജെപി പാർട്ടി ഓഫീസിൽ വെച്ചാണ് ഈ നേതാക്കൾക്ക് പരിശോധന നടത്തിയത്. രാജ്യത്ത് നിലവിൽ 7,121 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 2,223 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പുതുതായി കണ്ടെത്തിയ കൊവിഡ് 19 വകഭേദമായ എക്സ് എഫ് ജിയുടെ ഏകദേശം 163 കേസുകളാണ് ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. റീകോമ്പിനന്‍റ് എക്സ് എഫ് ജി വകഭേദത്തിൽ നാല് പ്രധാന സ്പൈക്ക് മ്യൂട്ടേഷനുകളുണ്ടെന്നും, കാനഡയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം ഇത് അതിവേഗം ആഗോളതലത്തിൽ വ്യാപിച്ചിട്ടുണ്ടെന്നും ദി ലാൻസെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു
ഇന്ത്യൻ സാർസ്-കോവ്-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) നൽകുന്ന വിവരങ്ങൾ പ്രകാരം കൊവിഡ് 19 രോഗത്തിന് കാരണമാകുന്ന വൈറസിന്‍റെ എക്സ് എഫ് ജി വകഭേദം ആകെ 163 സാമ്പിളുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ് (89). തുടർന്ന് തമിഴ്‌നാട് (16), കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ (ആറ് വീതം) എന്നിവിടങ്ങളിലും കണ്ടെത്തി. മെയ് മാസത്തിൽ 159 സാമ്പിളുകളിൽ എക്സ് എഫ് ജി വകഭേദം കണ്ടെത്തിയപ്പോൾ ഏപ്രിലിൽ രണ്ട് സാമ്പിളുകളിലും ജൂണിൽ ഇതുവരെ രണ്ട് സാമ്പിളുകളിലും ഈ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.
Post a Comment