റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ പ്രമുഖ മലയാളി വ്യവസായി മക്കയിലെ മിനായിൽ മരിച്ചു. മലപ്പുറം തിരൂർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. സിൽവാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആണ്.
ഹജ്ജിന്റെ പ്രധാന കർമങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് ഷുഹൈബ് ഹജ്ജ് നിർവഹിക്കാനെത്തിയത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബറടക്കും.
അബുദാബിയിലെ അൽ ബസ്ര ഗ്രൂപ്പ് ,പുത്തനത്താണിയിലെ ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെയും ഡയറക്ടറായിരുന്നു. പിതാവ്: സൈതാലിക്കുട്ടി ഹാജി ( സിൽവാൻ ഗ്രൂപ്പ് ചെയർമാൻ). മാതാവ്: ആയിശുമോൾ. സൽമയാണ് ഭാര്യ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ.
إرسال تعليق