Join News @ Iritty Whats App Group

'ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുന്നവർക്ക് ദഹിക്കില്ല'; ദത്താത്രേയയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്. ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നിൽ നിന്ന് കുത്തിയ ആർഎസ്എസിന് ഇന്ത്യൻ റിപബ്ലിക്കിന്‍റെ ആശയപരിസരങ്ങളോട് അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയർത്തിപ്പിടിക്കുവർക്ക് ദഹിക്കുന്ന സങ്കൽപങ്ങളല്ല ഇന്ത്യൻ ഭരണഘടനയും അതിന്‍റെ അടിസ്ഥാന തത്വങ്ങളും. ബ്രിട്ടീഷ് ഭരണകൂടത്തോട് നിർലജ്ജം മാപ്പപേക്ഷിച്ച അതേ പാരമ്പര്യമാണ് അടിയന്തരാവസ്ഥക്കാലത്തും ആർഎസ്എസ് പിന്തുടർന്നത്. അടിയന്തരാവസ്ഥക്കാലത്ത് നിരോധനം പിൻവലിക്കാൻ മാപ്പപേക്ഷകൾ നൽകിയത് ആർഎസ്എസ് സർ സംഘചാലക് തന്നെയായിരുന്നു.

ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയാണ് അക്കാലത്തവർ ഇന്ദിര ഗാന്ധിക്ക് നൽകിയത്. ഇന്ദിര ഗാന്ധിയുടെ രാജ്യത്തോടുള്ള അഭിസംബോധനയെയും ഇരുപതിന പരിപാടിയെയും സ്വാഗതം ചെയ്തവരുടെ ഇന്നത്തെ അടിയന്തരാവസ്ഥാ വിമർശനങ്ങൾ അപഹാസ്യമാണ്. അടിയന്തരാവസ്ഥക്കെതിരെയുള്ള വിമർശനമെന്ന വ്യാജേനെ ഭരണഘടനയുടെ ആമുഖത്തിൽ കൈവെക്കാൻ ആവശ്യപ്പെടുന്നത് സംഘപരിവാർ അജണ്ടയുടെ ഒളിച്ചു കടത്തലാണ്. ഇത്‌ അംഗീകരിക്കാൻ മതനിരപേക്ഷ സമൂഹത്തിനു കഴിയില്ല. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്‌മൃതിയിൽ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്‍റെ ആധാരശിലയെന്നും ആർഎസ്എസ് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group