Join News @ Iritty Whats App Group

വിവാഹം നിശ്ചയിച്ച മകൾ ഇതര മതസ്ഥനൊപ്പം ഒളിച്ചോടി, മകൾ ജീവിച്ചിരിക്കെ ആഘോഷമായി മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം

കൊൽക്കത്ത: ഇതര മതത്തിൽപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ മകൾക്ക് മരണാനന്തര ക്രിയകൾ ചെയ്ത് കുടുംബം. പശ്ചിമ ബംഗാളിലെ നാഡിയയിലാണ് സംഭവം. രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഇതര മതസ്ഥനായ കാമുകനൊപ്പം ഒളിച്ചോടിയത്. വീട്ടുകാർ നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വച്ച് മകൾ ഇതര മതസ്ഥനൊപ്പം പോയതോടെ കുടുംബാംഗങ്ങൾ ക്ഷുഭിതരായി. ഇതിന് പിന്നാലെയാണ് മകൾ ജീവിച്ചിരിക്കെ തന്നെ കുടുംബം മരണാനന്തര കർമ്മങ്ങൾ നടത്തിയത്.

ഒളിച്ചോടിയതിന്റെ 12ാം ദിവസമായിരുന്നു ശ്രാദ്ധ ചടങ്ങുകൾ നടത്തിയത്. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിച്ച മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും, അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാര്‍ പറയുന്നത്. മകൾ ഇതര മതസ്ഥനൊപ്പം പോയത് കുടുംബത്തിന് വലിയ അപമാനം സൃഷ്ടിച്ചിരുന്നു. അവളുടെ വിവാഹം ഞങ്ങള്‍ നിശ്ചയിച്ചിരുന്നു, പക്ഷേ അവള്‍ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയിയെന്നാണ് യുവതിയുടെ അമ്മാവനായ സോമനാഥ് ബിശ്വാസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പ്രതികരിക്കുന്നത്.

അടുത്ത ബന്ധുക്കൾ തല മുണ്ഠനം ചെയ്യുന്നതടക്കമുള്ള എല്ലാ ആചാരങ്ങളോടെയാണ് ശ്രാദ്ധ ചടങ്ങുകൾ നടത്തിയത്. ക്ഷേത്രത്തിൽ നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടത്തിയത്. ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് യുവതിയുടെ മാല ചാര്‍ത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ വിവാഹം വേണ്ടെന്ന് കാണിച്ച് യുവതി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെ കുടുംബം വിവാഹമെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ഇതര മതത്തില്‍പ്പെട്ട കാമുകനൊപ്പം പോയത്. പ്രവാസിയായ പിതാവും കുടുംബത്തിന്റെ തീരുമാനത്തിന് സമ്മതം നൽകുകയായിരുന്നു.

മരണാനന്തര ചടങ്ങുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെപ്പറ്റി അറിഞ്ഞിരുന്നുവെന്നും, എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ ആയതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് സംഭവത്തിൽ പൊലീസ് വിശദമാക്കുന്നത്. ഈ സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group